(തയ്യാറാക്കിയത് ഡോ. എന്‍.വി.ശശിധരന്‍))))
കേരളത്തിൽ
നമ്മുടെ സമൂഹം ഒരു പേരിലല്ല അറിയപ്പെടുന്നത്. ഉത്തര കേരളത്തിൽ പെരുവണ്ണാൻ, പെരുമണ്ണാൻ,
മണ്ണാന്‍, വേലന്‍, വണ്ണാന്‍ എന്നും മദ്ധ്യ കേരളത്തിൽ മണ്ണാൻ, പതിയാന്‍, ചാക്കമർ,
വേലന്‍, വര്‍ണ്ണവർ, തച്ചർ എന്നും തെക്കൻ കേരളത്തിൽ വണ്ണാൻ, തണ്ടാന്‍ എന്നും അറിയപ്പെടുന്നു.
പാരമ്പര്യമായി അലക്ക്, തെങ്ങുകയറി തേങ്ങായിടൽ, ചാക്കുതുന്നൽ, കുടകെട്ട്,
തോറ്റംപാട്ട്, ബാലചികിത്സ, ചായം പൂശൽ, കൃഷി, കിടക്ക-തലയണ നിര്‍മ്മാണം, ഇത്യാദി
തൊഴിലുകളും ചെണ്ട, ഉടുക്ക്, നന്തുണി എന്നീ വാദ്യങ്ങൾ കൈകാര്യം ചെയ്തിരുന്നവരും ആയിരുന്നു.
മദ്ധ്യ-ദക്ഷിണ കേരളത്തിൽ വേലപണിക്കൻ
(ചുണ്ണാമ്പു വേലന്‍) എന്നു കൂടി അറിയപ്പെടുന്ന വേലന്മാർ ഭഗവതി പാട്ടും ഭഗവതി
തോറ്റവും വേലൻ തുള്ളൽ, വേലന്‍ പ്രവൃത്തി എന്നിവയും അനുഷ്ടാനമായി ചെയ്തിരുന്നു.
ചിലർ ദുർമന്ത്ര വാദികളും പിശാചുനൃത്തക്കാരും മന്ത്രവാദബാധ ഒഴിപ്പിക്കല്‍കാരും
ഇതിനോടുവിൽ കോഴിവെട്ട്, ആഭിചാരക്രിയ എന്നിവ നടത്തുന്നവരും ആയിരുന്നു. ചണ്ഡൻ, മുണ്ഡൻ,ഘണ്ഠാകർണ്ണൻ, കരിങ്കുട്ടി, ചാത്തൻ, കാരണവന്മാർ എന്നിത്യാദികളുടെ
വെച്ചാരാധനയും നടത്തിയിരുന്നു.
തിരുവിതാംകൂർ
ശ്രീമൂലം തിരുനാൾ മഹാരാജാവ് ഭരിച്ചു കൊണ്ടിരുന്ന 1888 മുതൽ 1924 വരെയുള്ള കാലഘട്ടം. നമ്മുടെ സമൂഹം തികച്ചും അപരിഷ്കൃതരും
അടിമകളും അസ്പ്രുശ്യരും ആയിരുന്നു.
തെങ്ങുകയറ്റ തൊഴിൽ ഇക്കൂട്ടരുടെ കുത്തകയായിരുന്നു, അദ്ധ്വാനം കൂടുതലുള്ള
തൊഴിലായതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ ഇക്കൂട്ടർ ശരീരത്തിനു ആയാസം കിട്ടാൻ കള്ള്
ഒരൗഷധമെന്ന നിലയിൽ കഴിക്കുവാൻ തുടങ്ങുമായിരുന്നു. അക്കാരണം കൊണ്ട് മിക്കവാറും
വീട്ടുചിലവ് കഴിയുന്നത് സ്ത്രീകളുടെ അലക്ക്, മാറ്റുകൊടുക്കൽ മുതലായ തൊഴിലിൽ
നിന്നാണ്. വിരിഞ്ഞ മാറും മസിലുകൾ ഉറച്ച് കടഞ്ഞെടുത്തതു പോലുള്ള കൈ-കാലുകളുമായി
പുരുഷസൌന്ദര്യത്തിന്‍റെ മൂർത്തിഭാവമായ യുവാക്കള്‍ക്ക് തെങ്ങിന്‍റെയും കള്ളിന്‍റെയും
കൂടികുഴഞ്ഞ ഒരു പ്രത്യേക ഗന്ധമുണ്ടായിരുന്നു. സ്ത്രീകള്‍ക്കാകട്ടെ ചെറുപ്പത്തിലെ
തുടങ്ങിയ കായിക അദ്ധ്വാനം മൂലം ഉറച്ച ശരീരവും ചാണകത്തിന്‍റെയും ചാരത്തിന്‍റെയും, കാരത്തിന്‍റെയും, സോപ്പിന്‍റെയും
കൂടികുഴഞ്ഞ ഒരു പ്രത്യേക ഗന്ധവും ഉണ്ടായിരുന്നു, ഇക്കാരണത്താൽ മറ്റുള്ളവർ (മറ്റ്
ആയിത്തജാതിക്കാർ പോലും) ഇവരെ അകറ്റി നിർത്താൻ പ്രത്യകം ശ്രദ്ധിച്ചിരുന്നു. അലക്കിയ
തുണികൾ തിര്യെ നല്‍കുവാനും, മാറ്റു കൊടുക്കുവാനും, അലക്കാനുള്ള തുണികൾ
ശേഖരിക്കുവാനും പോകുന്നവഴി വീടുകളിൽ നിന്നും കിട്ടുന്ന എച്ചിൽ ഭക്ഷണം
മുഷിഞ്ഞുനാറിയ തുണികളിൽ കെട്ടി കൊണ്ടുവന്നിരുന്നത് ആഘോഷപൂര്‍വ്വം കഴിക്കുകയെന്നതല്ലാതെ
വീടുകളിൽ സ്വന്തമായി ഭക്ഷണമുണ്ടാക്കുന്നതപൂര്‍വം. കാരത്തിലും ചാരത്തിലും പുഴുങ്ങിയ
തുണികൾ വലിയ അലക്കുകല്ലിൽ ആയാസപൂര്‍വം
അലക്കുമ്പോൾ ഉതിരുന്ന വിയര്‍പ്പു തുള്ളികളും മാറുമറക്കാത്ത ശരീരത്തിൽ തെറിച്ചു
വീഴുന്ന അഴുക്കും മെഴുക്കും മുലപ്പാലിലൂടെ ആഹരിച്ച് വളരുന്ന ശൈശവം. മദ്ധ്യവയസു
തുടങ്ങും മുമ്പേ ഇവര്‍ക്കു വയസായി. അദ്ധ്വാനഭാരം കൊണ്ട് വളഞ്ഞ ശരീരവും
ജോലിചെയ്യുവാൻ കഴിയാതെയായതു കൊണ്ട് മുന്‍പ് മാറിനിന്നിരുന്ന അസുഖങ്ങൾ ഓരോന്നായി
പിടിപെട്ട് ചുമച്ചും കുരച്ചും വലിച്ചും ഒടുങ്ങാന്‍ വിധിക്കപ്പെട്ടവർ. പിന്നെ
ജീവിക്കുവാൻ കുറെ കുരുട്ടുവിദ്യകൾ. ബാലചികിത്സ, മന്ത്രവാദം, കുടകെട്ട് ഇത്യാദി.
‘വേലൻ മൂത്താൽ വേലികെട്ട് പിന്നെ മന്ത്രവാദം’ കരപ്പുറത്ത് ഇങ്ങിനെയൊരു
ചൊല്ലുകൂടിയുണ്ട്.
പുരുഷന്മാര്‍ക്കും
സ്ത്രീകള്‍ക്കും മുട്ടിനു താഴെ നില്‍ക്കുന്ന കുറിയ മുണ്ട് ഉടുക്കാൻ മാത്രമെ
അക്കാലത്ത് അനുവാദമുണ്ടായിരുന്നുള്ളൂ. അക്ഷരാഭ്യാസമുള്ള വൈദ്യന്മാർ പോലും
ദാരിദ്രവും വിനയവും അവകാശമില്ലായ്മയും മൂലം തോൾ മുണ്ട് പോലും ഉപയോഗിച്ചിരുന്നില്ല.
മാറ് മറയ്ക്കാൻ അനുമതി കിട്ടിയ ശേഷം മാത്രമാണ് റൌക്ക പോലുള്ള മേൽച്ചട്ട സ്ത്രീകൾ
ധരിക്കാൻ തുടങ്ങിയത്. ഞാത്തി തൂക്കിയ കാതില്‍ കാതോല, കറുത്ത ചരടിൽ തൂക്കിയ
കല്ലുമാല എന്നിവയായിരുന്നു ആഭരണങ്ങൾ. കാലാന്തരത്തിൽ കാശുമാല, കാതിൽപൂ, ആണുങ്ങൾ
കല്ലുവച്ച കടുക്കൻ എന്നിവ അണിയുവാൻ തുടങ്ങി.
ബാലചികിത്സയ്ക്കും
ഓതികൊടുക്കലിനും മറ്റുമായി അത്യാവശ്യം എഴുത്തും വായനയും കാര്‍ന്നോന്മാർക്ക്
വശമായിരുന്നു. ആയത് ചെറിയ പ്രായത്തിൽ തന്നെ കുഞ്ഞുങ്ങളിലേയ്ക്ക് പകരുന്നതിൽ അവർ
ശ്രദ്ധിച്ചിരുന്നു. ഒരുപക്ഷെ ഈ സാക്ഷരതയായിരിക്കണം നമ്മളെ മറ്റ് അവശവിഭാഗങ്ങളിൽ
നിന്നും വ്യത്യസ്തരാക്കിയത്. പാരമ്പര്യമായി സിദ്ധിച്ച പാടാനുള്ള കഴിവ്
പോലിപ്പിച്ചെടുത്ത് ഭദ്രകാളി ക്ഷേത്രങ്ങളിലെ പാനപ്പാട്ടു തറയിൽ ആചാരാവകാശ ചടങ്ങായി
തോറ്റംപാട്ട്, ഭഗവതിപ്പാട്ട് തുടങ്ങിയവയും നടത്തിയിരുന്നു. വടക്കന്‍ കേരളത്തിൽ പ്രത്യേകിച്ചും
മലബാറിൽ തെയ്യവും തിറയും കേട്ടിയാടിയിരുന്നവര്‍ക്ക് ദൈവപ്രസാദമുള്ളവരെന്ന നിലയിൽ
ചില പരിഗണനകൾ കിട്ടിയിരുന്നു.
വെറ്റിലയിൽ
ഇഞ്ചിയും ഉപ്പും വച്ച് ഓതികൊടുത്ത്
വയറുനോവുമൂലം വാവിട്ടു കരയുന്ന കുഞ്ഞുങ്ങളെ നൊടിയിടെ സുഖപ്പെടുത്തി
വൈദ്യനെന്നു പേരെടുത്ത ഒരുപാടു കാര്‍ന്നോന്മാർ ഈ അടുത്ത കാലത്തുപോലും നമ്മുടെ
കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവര്‍ക്ക് സമൂഹത്തിൽ അല്‍പ്പം മാന്യത കിട്ടിയിരുന്നു.
വൈദ്യന്മാർ പ്രതിഫലം പറ്റിയിരുന്നില്ല. അറിഞ്ഞ് ആരെങ്കിലും നല്‍കുന്നത്
വാങ്ങിയിരുന്നു എന്നുമാത്രം. ദാരിദ്ര്യം അവരുടെ കൂടപ്പിറപ്പായിരുന്നു. അവരുടെ
കുടുംമ്പത്തിലെ ചില കുട്ടികൾ മലയാളവും സംസ്കൃതവും പഠിച്ചിരുന്നു. ചിലർ സിദ്ധരൂപം,
ബാലപ്രബോധനം, ബാലചികിത്സാഗ്രന്ഥo, സഹസ്രയോഗം, അമരകോശo മറ്റും പഠിച്ചു ബാലചികിത്സ
തൊഴിലാക്കി.
ഗോത്രസ്മൃതികളുയർത്തുന്ന
ദായക്രമങ്ങുകളായ തിരണ്ടുകുളി, നൂലുകെട്ട്, പുടവകൊട എന്നിവയും കല്യാണം, മരണം,
മരണാടിയന്തിരം മുതലായ അവസരങ്ങളിലും ആണ്
സമുദായാംഗങ്ങൾ ഒന്നിച്ചു ചേരുന്നത്. കള്ളിന്‍റെ അതിപ്രസരത്താൽ വാക്കുതര്‍ക്കവും
അടിപിടിയും, അവസാനം സദ്യ കഴിക്കാതെ ഇറങ്ങിപ്പോയി അടുത്തുള്ള ഷാപ്പിൽ കയറുക എന്നതും
ഈ സമുദായത്തിന്റെ മുഖമുദ്രയായിരുന്നു. മൂന്നു ദിവസത്തെ സദ്യയാണ്
കല്യാണച്ചടങ്ങുകളുടെ പ്രത്യേകത. മൂന്നാം ദിവസം ഇണങ്ങന് ദക്ഷിണ കൊടുത്തശേഷം
പെണ്ണിന് ഒരു പുടവയും തോര്‍ത്തും കൊടുത്ത് സദ്യയും കഴിച്ച് പെണ്ണിനേയും
കൊണ്ടുപോരും. എന്നാൽ വിവരിച്ചതുപോലെ അത്ര ശാന്തമായി കാര്യങ്ങൾ പര്യവസാനിക്കുമെന്നു
വിചാരിക്കണ്ട. ചെറിയ വാക്കുതര്‍ക്കത്തിൽ
തുടങ്ങി ഉന്തും തള്ളിലുമായി നീണ്ട് അവസാനം അടിപിടിയിലെത്തുകയും നാട്ടുകാർ ഇടപെട്ട്
ഒരുവിധം രണ്ടു കൂട്ടരെയും അകറ്റി നിർത്തിയാലും മുറുമുറുത്ത് സദ്യ ബഹിഷ്കരിച്ച്
ഒരു കൂട്ടർ ഇറങ്ങിപ്പോകുകയും വീട്ടുകാരുടെ സന്തോഷം ദുഃഖമായി, ദുരന്തമായി മാറുകയും
ചെയ്യും. ഇതിനൊക്കെ ഒരു പരിഹാരം വേണമെന്ന്‍ ഉല്‍പതിഷ്ണുക്കളായ ചെറുപ്പക്കാര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു.
ഇവരിൽ ചിലരാണ് സമുദായത്തിന്‍റെ ഉദ്ധാരണത്തിനും സാമൂഹ്യമായ സമത്വത്തിനും വേണ്ടി
രംഗത്തിറങ്ങിയത്. തലപ്പുലം ടി. കെ. ഗോവിന്ദന്‍, അര്‍ത്തുങ്കൽ പി. ആർ. വേലായുധന്‍
വൈദ്യർ, ചേര്‍ത്തല അങ്കൻ വൈദ്യർ എന്നിവർ ഇതിൽ പ്രധാനികളാണ്.
സമുദായാംഗങ്ങലുടെ
ഇപ്രകാരമുള്ള പ്രവൃത്തികളും മദ്യം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും
അലങ്കോലങ്ങളും കണ്ടു മനസുമടുത്ത് ഇതിനൊരു പരിഹാരമുണ്ടാക്കുന്നതിനായി ഒരു
ആലോചനായോഗം ആയിരത്തിഒരുന്നൂറാമാണ്ട് മകരമാസം ഇരുപത്തിഒന്‍പതാം തീയതി ബുധനാഴ്ച
(1925 ഫെബ്രുവരി 11) പകൽ ഒരുമണിക്ക് തലപ്പുലത്ത് വിളിച്ചു ചേര്‍ത്തു. 22 പേർ
പങ്കെടുത്ത യോഗത്തിൽ ശ്രീ. എം, ആർ. നാരായണന്‍ വൈദ്യർ അദ്ധ്യക്ഷനായും ശ്രീ.ടി. കെ.
ഗോവിന്ദൻ കാര്യദര്‍ശിയുമായും ഒരു ഭജനയോഗ സമിതി രൂപീകരിക്കുവാനും എല്ലാ മലയാള മാസം
ഒന്നാം തീയതി ഓരോ വീട്ടിൽ വച്ചും ഭജന നടത്തുവാനും അതിനുള്ള ചിലവിനായി ഭജന വരിസംഖ്യ
പിരിക്കുവാനും തീരുമാനിച്ചു. ഇങ്ങിനെ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ യോഗം
രജിസ്റ്റർ ചെയ്യണമെന്ന ആലോചനയായി. ശ്രീ. എം. ആർ. നാരായണന്‍ വൈദ്യർ എഴുതിയുണ്ടാക്കിയ നീയമാവലി ഭരണങ്ങാനം സബ്
രജിസ്ട്രാർ ആഫീസിൽ 52 നമ്പരായി ൧൧൦൨ മേടമാസത്തിൽ (May 1927) “അഖില തിരുവിതാംകൂർ വേലവർ
മഹാസഭ” രജിസ്റ്റർ ചെയ്തു.
ഈ
കാലഘട്ടത്തിൽ തന്നെ ഏറ്റുമാനൂർ കേന്ദ്രമാക്കി സര്‍വശ്രീ. ടി.എസ്. കൊച്ചുപിള്ള വയല,
കോതനല്ലൂർ വി. എന്‍. അയ്യപ്പൻ, മാത്തശ്ശേരി വി.ഇ. ഈച്ചരന്‍, വയല എസ്. വേലായുധന്‍
എന്നിവരുടെ നേതൃത്വത്തിൽ “കേരളീയ വേലൻ മഹാസഭ” എന്ന പേരിൽ ഒരു സംഘടന പ്രധാനമായും
ഏറ്റുമാനൂർ, കോട്ടയം താലൂക്കുകളിൽ പ്രവര്‍ത്തിച്ചു വരുന്നുണ്ടായിരുന്നു. ൧൧൦൩
ചിങ്ങമാസത്തിൽ (Septmber 1927) ശ്രീ. തലപ്പുലം ടി. കെ. ഗോവിന്ദന്‍റെ ശ്രമഫലമായി രണ്ടു
സംഘടനകളും കൂടി യോജിക്കുകയും “സന്മാര്‍ഗ്ഗ പോഷിണി സമസ്ത കേരള വേലൻ മഹാസഭ” എന്ന
പേരിൽ ഒറ്റ സംഘടനയായി പ്രവര്‍ത്തനം തുടങ്ങി. പുതിയ ഭാരവാഹികൾ ശ്രീ. തലപ്പുലം ടി.
കെ. ഗോവിന്ദന്‍ (പ്രസിഡന്റ്), ടി. എസ്. കൊച്ചുപിള്ള വയല (സെക്രട്ടറി), കോതനല്ലൂർ
വി. എന്‍. അയ്യപ്പൻ (ഖജാന്‍ജി) എന്നിവരായിരുന്നു. സമുദായത്തിൽ നിലനിന്നിരുന്ന
അടിമതൊഴിൽ, എച്ചിൽസ്വീകരണം എന്നീ അനാചാരങ്ങള്‍ക്കെതിരെ സഭ ശക്തമായ നടപടികൾ
സീകരിക്കുകയും പ്രസ്താവനകൾ വഴി വേണ്ട നിര്‍ദ്ദേശങ്ങൾ സമുദായാംഗങ്ങലുടെ ഇടയിൽ
പ്രചരിപ്പിച്ചു. എച്ചിൽ സ്വീകരിക്കാഞ്ഞതിന് പൂഞ്ഞാറിൽ ഉണ്ടായ അടിപടി കേസിൽ
കോടതിയിൽ പോവുകയും അതോടെ എച്ചിൽ സ്വീകരണം നിർത്തലാക്കുവാനും കഴിഞ്ഞു. സമുദായാംഗങ്ങലുടെ ഇടയിലെ വിവാഹാദി കാര്യങ്ങള്‍ക്ക്
അടുക്കും ചിട്ടയും ഉണ്ടാക്കുവാൻ വിവാഹ പത്രിക, വിവാഹ രജിസ്റ്റർ തുടങ്ങിയ റിക്കാര്‍ഡുകളും
വിവാഹം, മരണം, പേരിടല്‍, ചോറൂണ് എന്നിത്യാദി ചടങ്ങുകൾ നടത്തിന്നതിനു വേണ്ട പൂജ കര്‍മ്മാദികളുടെ
വിവരങ്ങൾ അടങ്ങുന്ന കൈപ്പുസ്തകവും ശാഖായോഗങ്ങളിൽ ഏര്‍പ്പെടുത്തി.
മലയാള
വര്‍ഷം ൧൧൦൭ (1931) ആയപ്പോഴേയ്ക്കും “സന്മാര്‍ഗ്ഗ പോഷിണി സമസ്ത കേരള വേലൻ മഹാസഭ”
ഏറണാകുളം ജില്ലയിൽ ആലുവ, മൂവാറ്റുപുഴ പ്രദേശങ്ങളിലേയ്ക്കുകൂടി വ്യാപിച്ചു. ആലുവ
ഗോപാലൻ ശാസ്ത്രികൾ, കെ. ശങ്കരന്‍ വൈദ്യന്‍, വി. കെ. പപ്പന്‍ എന്നിവർ
സമുദായരംഗത്തിറങ്ങി പ്രവര്‍ത്തിക്കുവാൻ തുടങ്ങി.
നമ്മുടെ സമുദായങ്ങളെ അന്ന്‍ പട്ടിക
ജാതിയിലൊ പിന്നോക്ക ജാതിയിലൊ പെടുത്തിയിരുന്നില്ല. ആയതിനാൽ അപൂര്‍വമായുള്ള സര്‍ക്കാർ
സ്കൂളുകളിൽ ഫീസുകൊടുത്തുവേണം പഠിക്കാൻ. അക്കാരണത്താൽ നമ്മുടെ ഇടയിൽ സ്കൂൾ
വിദ്യാഭ്യാസം സിദ്ധിച്ചവർ നന്നെ കുറവായിരുന്നു. മഹാസഭയുടെ പ്രാരംഭ കാലം മുതൽ തന്നെ
സൌജന്യ വിദ്യാഭ്യാസത്തിനായി അനേകം നിവേദനങ്ങൾ അധികാരികൾ മുന്‍പാകെ സമര്‍പ്പിച്ചുകൊണ്ടിരുന്നു.
“സന്മാര്‍ഗ്ഗ
പോഷിണി സമസ്ത കേരള വേലൻ മഹാസഭ”യ്ക്കു വേണ്ടി ശ്രീ. തലപ്പുലം ടി. കെ. ഗോവിന്ദന്‍
൧൧൦൯ ചിങ്ങം ൯ ന് (24-8-1933) രാവിലെ 10 മണിക്ക് കവടിയാർ കൊട്ടാരത്തിൽ എത്തി
അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ. ചിത്തിര തിരുനാൾ ബാലരാമവര്‍മ്മ മഹാരാജാവിനെ
മുഖം കാണിക്കുകയുണ്ടായി. സാഷ്ടാംഗ പ്രണാമത്തിനുശേഷം മംഗള പത്രവും സമുദായാംഗങ്ങലുടെ
ദയനീയ സ്ഥിതി വിവരിക്കുന്ന ശ്രീ. ടി. എസ്. കൊച്ചുപിള്ള വേലവർ രചിച്ച ‘അവശവിലാപം’
എന്ന കാവ്യത്തിലെ ശ്ലോകങ്ങൾ പട്ടിൽ ഗില്‍റ്റ് അക്ഷരങ്ങളാൽ ആലേഖനം ചെയ്തതും അടിയറ വച്ചു.
അതിലെ ഏതാനും വരികൾ ചുവടെ ചേര്‍ക്കുന്നു.
“വിദ്യയ്കില്ല വശം വിഭോ
അവശരിൽ ഫീസാദി സൌജന്യ-
മന്നാദ്യം തൊട്ടഥമൂല ഭൂപമഹിതൻ
കല്‍പ്പിച്ചു
കാട്ടിച്ചതോ,
വേദ്യം ചെയ് വതു പുസ്തകങ്ങൾ
വില കൂടീട്ടു
വാങ്ങാവതോ? -
വേദ്യാധീശർ ചിലര്‍ക്ക് കൃപയില്ല
പോറ്റേണമേ തമ്പുരാനേ”
പിറ്റേന്ന്
ദിവാന്‍ സർ. സി. പി. രാമസ്വാമി അയ്യരേയും കണ്ട് മംഗളപത്രവും അവശവിലാപവും ഓരോ പകര്‍പ്പുകൾ
സമര്‍പ്പിച്ചു. പക്ഷെ അവശവിലാപം വിലാപമായി തന്നെ അവശേഷിച്ചു. എങ്കിലും വേലവാദി
അവശസമുദായക്കാരുടെ ഒരു മാഗ്നാകാര്‍ട്ടയായി മംഗളപത്ര സമര്‍പ്പണവും അവശവിലാപവും
ചരിത്രത്തിൽ ഇടം നേടി.
തുടര്‍ന്നുള്ള
വര്‍ഷങ്ങളിൽ ജാതീയമായ അസമത്വങ്ങള്‍ക്കും ദുരവസ്ഥകള്‍ക്കും പരിഹാരം തേടി
തിരുവിതാംകൂറിലും കൊച്ചിയിലും വിവിധ
സമുദായാംഗങ്ങളുടെ കൂട്ടായ്മകളും വിവിധ പേരുകളിൽ സംഘടനകളും നിലവിൽ വന്നു. അതിൽ
പ്രധാനപ്പെട്ടത് എറണാകുളം കലൂർ കേന്ദ്രീകരിച്ച് സ്വാമി ആനന്ദയോഗിയുടെ അദ്ധ്യക്ഷതയിൽ
രൂപീകരിച്ച “വേലന്‍ (മണ്ണാന്‍) സമുദായോദ്ധാരണ സംഘം” (പ്രധാന പ്രവര്‍ത്തകർ സര്‍വശ്രീ.
ഏരൂർ എന്‍. കെ. കേളന്‍, കെ. കെ. കൊച്ചുണ്ണി കലൂർ, സി. എന്‍. കുമാരന്‍ ഇടപ്പള്ളി,
എ. വി. കാര്‍ത്ത്യായിനി ടാറ്റാപുരം), “സമസ്ത കൊച്ചി വേലൻ മഹാസഭ”, പള്ളൂരുത്തി,
“മണ്ണാന്‍ പരിഷ്കരണി സഭ”, ചെറായി, “കേരള വേലൻ മണ്ണാൻ സമാജം”, ഞാറക്കൽ, “രുദ്രക്രുപാവലംബിനി ശുദ്ധമണ്ണാൻ സമാജം”,
തൃപ്പൂണിത്തുറ, “മുകുന്ദപുരം വേലന്‍ സമാജം”, ഇരിഞ്ഞാലക്കുട, “പെരുമണ്ണാന്‍ സംഘം”,
തൃശ്ശൂർ, “കേരളീയ വേലന്‍ സമാജം”, ചേര്‍ത്തല-വൈക്കം, “സമസ്ത തിരുവിതാംകൂർ വര്‍ണ്ണവ
സമാജം”, ചങ്ങനാശ്ശേരി, “പെരുവണ്ണാന്‍ വേലൻ സമാജം”, മലബാർ എന്നിവയായിരുന്നു.
നവമ്പർ
12, 1936 (൨൭ തുലാം ൧൧൧൨) ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം
തിരുവിതാംകൂറിൽ നടപ്പിലായി. അതിന്‍റെ അനുരണനങ്ങൾ കൊച്ചിയിലും അലയടിച്ചു.
വഴിനടക്കുവാനും ക്ഷേത്രത്തിൽ കയറുവാനും സാധിച്ചതോടെ സംഘടിത ശ്രമങ്ങളുടെ വിജയം
വീണ്ടും പല പുതിയ സംഘടനകൾ രൂപം കൊള്ളുവാനും പഴയതിന് പുരുജ്ജീവനം കൊടുക്കുവാനും
വഴിയൊരുക്കി. ഇതിൽ പ്രധാനം ചേര്‍ത്തല ശ്രീ. അങ്കന്‍ വൈദ്യരുടെ നേതൃത്വത്തിൽ
രൂപീകരിച്ച “സമസ്ത കേരള വേലന്‍ മഹാജന സഭ” (൧൧൧൨) ആയിരുന്നു. ചേര്‍ത്തല, വൈക്കം,
എറണാകുളം എന്നിവിടങ്ങളിൽ ശക്തിപ്രാപിച്ച “സമസ്ത കേരള വേലൻ മഹാജന സഭ” സര്‍വശ്രീ.
സി. എന്‍. കുമാരന്‍ ഇടപ്പള്ളി, എ. വി. കാര്‍ത്ത്യായിനി ടാറ്റാപുരം, കൂത്താട്ടുകുളം
നീലകണ്ഠന്‍, അര്‍ത്തുങ്കൽ കെ. ആർ. വേലായുധന്‍ വൈദ്യർ, കെ. സി. കാട്ടിപ്പറമ്പൻ
മുഹമ്മ, കോടന്തുരുത്തു കെ. ഈ. വേലു, എ. വി. കൃഷ്ണശാസ്ത്രി, വിദ്വാൻ കെ. നീലകണ്ഠന്‍
കോടനാട്, തുടങ്ങി ഒരുപാട് സമുദായ പ്രവര്‍ത്തകരെ രംഗത്തുകൊണ്ടു വന്നു. “സമസ്ത കേരള വേലന്‍ മഹാജന സഭ”യുടെ
പ്രവർത്തനഭലമായി അന്ന്‍ കൊച്ചി രാജാവായിരുന്ന ചൊവ്വരയിൽ തീപ്പെട്ട ശ്രീ രാമവര്‍മ്മ മഹാരാജാവിനും ദിവാൻ സർ ആർ. കെ. ഷണ്മുഖന്‍
ചെട്ടിയ്ക്കും നിരന്തരമായി നിവേദനങ്ങൾ സമര്‍പ്പിച്ചതിന്‍റെ ഭലമായി ൧൧൧൫ (1939) ൽ
കൊച്ചി രാജ്യത്ത് വേലൻ സമുദായത്തിന് സര്‍ക്കാർ സ്കൂളുകളിൽ സൌജന്യ വിദ്യാഭ്യാസം
അനുവദിച്ചു. ഈ സൌജന്യ വിദ്യാഭ്യാസം 1949 ൽ തിരുവിതാംകൂർ - കൊച്ചി സംയോജനം വരെ
തുടര്‍ന്നു.
ഒരേ
ഗോത്രവംശത്തിന്‍റെ ഭാഗവും അലക്ക് മുഖ്യതൊഴിലും ആയ സമുദായങ്ങളെ ഒരു പേരിൽ, ഒരു
കുടകീഴിൽ കൊണ്ടുവരുവാൻ ആദ്യശ്രമം തുടങ്ങിവച്ചത് കവിയൂർ ശ്രീ. കെ. കെ. കൊച്ചുകുഞ്ഞ്
അവർകളായിരുന്നു. അദ്ദേഹവും ഇരിങ്ങോൾ വി. സി. വേലായുധന്‍ വൈദ്യർ, പി. അറുമുഖം, എം.
കെ. കുട്ടി മുട്ടാർ, സി. കെ. കിട്ടൻ എരുമേലി, എം. അച്യുതന്‍ എന്നിവരുടെ
നേതൃത്വത്തിൽ ൧൧൧൧ ഇടവമാസം ൬ (19 – 5 –
1936) ന് രൂപീകരിച്ച “സമസ്ത തിരുവിതാംകൂർ
വര്‍ണ്ണവ സമാജം” ഇക്കാര്യത്തിലുള്ള ആദ്യത്തെ കാൽവയ്പ്പായിരുന്നു. സരസകവി മൂലൂർ
എസ്. പത്മനാഭ പണിക്കർ അലക്കുതൊഴിൽ ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് പൊതുനാമമായി
സരസമായി നിര്‍ദ്ദേശിച്ചതാണ് ‘വര്‍ണ്ണവൻ’ എന്ന നാമധേയം. അതുകൊണ്ടായിരിക്കണം
ബഹുഭൂരിപക്ഷം സമുദായങ്ങള്‍ക്കും അത് അംഗീകരിക്കുവാന്‍ കഴിയാതെ പോയത്. “സമസ്ത
തിരുവിതാംകൂർ വര്‍ണ്ണവ സമാജം” കോട്ടയം മേഖലയിലും, ആലപ്പുഴ-കുട്ടനാട് മേഖലയിലും
നല്ല സ്വാധീനം ഉണ്ടാക്കി. സമാജത്തിന്‍റെ നിര്‍ദ്ദേശാനുസാരം ഒരുപാടു കുട്ടികളെ വര്‍ണ്ണവൻ
എന്ന പുതിയ ജാതിയിൽ സ്കൂൾ റിക്കാർഡുകളിൽ ചേര്‍ത്തു. തുടര്‍ന്ന്‍ വര്‍ണ്ണവ ജാതി സര്‍ക്കാരിനെ
കൊണ്ട് അംഗീകരിപ്പിച്ചു. 1940 ലെ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിലും 1941, 1951
എന്നീ വര്‍ഷങ്ങളിൽ നടന്ന സെന്‍സസുകളിലും വര്‍ണ്ണവൻ എന്ന പുതിയ ജാതി ഉള്‍പ്പെടുത്തി.
വര്‍ണ്ണവ സമൂഹത്തെ പ്രതിനിധീകരിച്ച് കവിയൂർ ശ്രീ. കെ. കെ. കൊച്ചുകുഞ്ഞ് രണ്ടാം
ശ്രീമൂലം അസംബ്ലിയിലേയ്ക്ക് (1937 – 1944) നോമിനേറ്റ്
ചെയ്യപ്പെട്ടു. ഈ കാലയളവിൽ അദ്ദേഹം ചരിത്ര പ്രസിദ്ധമായ വര്‍ണ്ണവ
ബില്ല് അവതരിപ്പിച്ചു. തിരുവിതാംകൂറിൽ മണ്ണാൻ,
പതിയാന്‍, പെരുമണ്ണാൻ, വണ്ണാൻ, പരവന്‍, നേര്യന്‍, ഏറ്റാളി,
വേലന്‍ എന്നീ സമുദായങ്ങൾ മേലിൽ വര്‍ണ്ണവൻ എന്ന
പൊതുനാമധേയത്തിൽ അറിയപ്പെടണം എന്ന്‍ നിഷ്കര്‍ഷിക്കുന്ന വര്‍ണ്ണവ ബിൽ
പൊതുവെ ഈ സമുദായങ്ങളിൽ നിന്ന് അമര്‍ഷവും എതിര്‍പ്പും ഉണ്ടാക്കി.
“സന്മാര്‍ഗ്ഗ
പോഷിണി സമസ്ത കേരള വേലൻ മഹാസഭയും” “സമസ്ത കേരള വേലൻ മഹാജനസഭ”യും യോജിച്ച് വര്‍ണ്ണവ
ബില്ലിനെതിരായ സമരത്തിൽ അണിചേര്‍ന്നു. പൂഞ്ഞാർ രാജാക്കന്മാരുടെ ശുപാര്‍ശയിൽ
തലപ്പുലം ശ്രീ. ടി. കെ. ഗോവിന്ദനെ 1939ൽ രണ്ടാം ശ്രീമൂലം അസ്സംബ്ലിയിലേയ്ക്ക്
നോമിനേറ്റ് ചെയ്യപ്പെടുകയും അദ്ദേഹം ഉണ്ടാക്കിയ തടസവാദങ്ങൾ മൂലം വര്‍ണ്ണവബില്ല്
തള്ളപ്പെടുകയും ചെയ്തു. വര്‍ണ്ണവ ബില്ല് പരാജയപ്പെട്ടെങ്കിലും വര്‍ണ്ണവരുടെയും
അതിൽ ഉള്‍പ്പെടുത്തുവാൻ നിര്‍ദ്ദേശിക്കപ്പെട്ട സമുദായങ്ങളുടെയും സാമൂഹ്യ,
സാമ്പത്തിക, വിദ്യാഭ്യാസപരമായ അവസ്ഥയെക്കുറിച്ച് പഠിക്കുവാൻ അവശസമുദായ കമ്മീഷണറെ
ചുമതലപ്പെടുത്തി ഉത്തരവുണ്ടായി. അതിന്‍പ്രകാരം ൧൧൧൬ ചിങ്ങമാസ(1940 ആഗസ്റ്റ്)ത്തിൽ
അവശസമുദായ കമ്മീഷണർ ബോട്ടുമാര്‍ഗം ചങ്ങനാശ്ശേരി സന്ദര്‍ശിച്ചു. ബോട്ട് ജട്ടി മുതൽ
അദ്ദേഹത്തെ താലപ്പൊലിയോടെ സ്വീകരിക്കുവാൻ
വര്‍ണ്ണവസമാജവും മറ്റ് സമുദായ സഭക്കാരും ഉണ്ടായിരുന്നു. വലത്തുവശത്തു വര്‍ണ്ണവ
സമാജത്തിലെ താലപ്പൊലി എടുത്ത സ്ത്രീകൾ ചട്ടയും കസവുമുണ്ടും കസവുനേര്യതും (ഇരവു
വാങ്ങിയതോ, അലക്കുവാന്‍ കിട്ടിയതോ ആയ)
ധരിച്ച് വളരെ കുലീനമായ രീതിയിലും, ഇടതുവശത്ത് വേലൻ, മണ്ണാൻ, പതിയാൻ,
വണ്ണാന്‍ സമുദായാംഗങ്ങളായ സ്ത്രീകൾ
സെക്രട്ടറി വയല ടി. എസ്. കൊച്ചുപിള്ളയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഒറ്റ
മുണ്ടുടുത്തും ചുട്ടിതോർത്തുകൊണ്ട് മാറ് മറച്ചും കൊണ്ടാണ്
താലപ്പൊലിയേന്തിയത്. ഇതു പ്രത്യേകം
ശ്രദ്ധിച്ച അവശസമുദായ കമ്മീഷണരുടെ റിപ്പോര്‍ട്ട് പ്രകാരം ൧൧൧൬ കുംഭമാസം ൭ (18-2-1941) ന് തിരുവിതാംകൂറിൽ വേലൻ മണ്ണാൻ പതിയാൻ വണ്ണാൻ സമുദായങ്ങളെ അവശസമുദായ
പട്ടികയിൽ പെടുത്തി വിദ്യാഭ്യാസാനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വര്‍ണ്ണവരെയാകട്ടെ
മറ്റു പിന്നോക്ക സമുദായത്തിൽ പെടുത്തിയും ഗവണ്മേന്റ് ഉത്തരവുണ്ടായി.
വര്‍ണ്ണവ ബില്ലിനെതിരെ സംഘടിതമായി പോരാടിയ “സന്മാര്‍ഗ്ഗ പോഷിണി സമസ്ത കേരള
വേലൻ മഹാസഭ (കോട്ടയം) യും” “സമസ്ത കേരള വേലൻ മഹാജനസഭ (ചേര്‍ത്തല) യും” മറ്റു
സമുദായ നേതാക്കളും യോജിച്ചു പ്രവര്‍ത്തിക്കുവാൻ തീരുമാനിക്കുകയും മണ്ണാൻ, വണ്ണാന്‍,
പെരുമണ്ണാന്‍, പതിയാന്‍ എന്നീ സമുദായങ്ങളെ കൂടി ഉള്‍കൊള്ളിച്ച് “അഖില തിരുവിതാംകൂർ
പെരുമണ്ണാർ വേലവർ മഹാസഭ” എന്ന പേരിൽ ൧൧൨൧ (1946)ൽ 74-)o നമ്പരായി ഒരു ജോയിന്‍റ്
സ്റ്റോക്ക് കമ്പനി ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തു.
ചേര്‍ത്തലയിൽ കൂടിയ മഹാസമ്മേളനത്തിൽ വച്ച്
തലപ്പുലം ശ്രീ. ടി. കെ. ഗോവിന്ദൻ പ്രസിഡന്ടായും, കല്ലുങ്കൽ ശ്രീ. കുട്ടപ്പൻ
ജനറൽ സെക്രട്ടറിയായും, കോടന്തുരുത്തു ശ്രീ. കെ. ഈ. വേലു ഖജാന്‍ജിയായും 22 പേർ
അടങ്ങുന്ന ഡയറക്ടർ ബോര്‍ഡിനെ തിരഞ്ഞെടുത്തു. ചേര്‍ത്തല മുട്ടം ബസാറിൽ ഒരു വാടക
കെട്ടിടത്തിൽ ആഫീസ് പ്രവര്‍ത്തനങ്ങൾ തുടങ്ങി.
1949 ജൂലൈ 1 തിരുവിതാംകൂർ - കൊച്ചി സംയോജനം.
തിരു-കൊച്ചി
സംസ്ഥാനത്ത് ശ്രീ പറവൂർ T. K. നാരായണപിള്ള മന്ത്രിസഭ നിലവിൽ വന്നു. 1950ൽ
തിരു-കൊച്ചിയിലെ അവശവിഭാഗ ലിസ്റ്റ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ വേലനു പകരം
വേളാനെയാണ് ഉൾപ്പെടുത്തിയത്. രണ്ടു കൂട്ടര്‍ക്കും ഇംഗ്ലീഷിൽ ഒരേ സ്പെല്ലിംഗ്
ആണല്ലോ. ൧൧൨൫ മേട മാസം ൧൮ -)0 തീയതി (30-4-1950) ചേര്‍ത്തലയിൽ
നടന്ന ഐതിഹാസിക മഹാസമ്മേളനത്തിൽ വച്ച് വേലനെ വേളാനാക്കി മാറ്റിയ നോട്ടിഫിക്കേഷൻ
ഉള്ള ഗസറ്റ് അഖില തിരുവിതാംകൂർ പെരുവണ്ണാർ വേലവർ മഹാസഭ ഖജാന്‍ജി ആയിരുന്ന ശ്രീ.
കോടന്തുരുത്തു കെ. ഈ. വേലുവാണ് മന്ത്രിയെ ബോദ്ധ്യപ്പെടുത്തിയത്.
തെറ്റുപറ്റിയതാണെന്നും
തിരുത്തികൊള്ളാമെന്നും മന്ത്രി വാക്കുതരുകയും തുടര്‍ന്ന്‍ അടുത്ത ഗസറ്റിൽ
(8-5-1950) വേലൻ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍പ്പെടുത്തി എല്ലാ സൌജന്യങ്ങളും
അനുവദിച്ചു നോട്ടിഫിക്കേഷന്‍ വന്നു. അഖില തിരുവിതാംകൂർ പെരുവണ്ണാർ വേലവർ മഹാസഭയുടെ
ഏറ്റവും മഹത്തരമായ നേട്ടമായി ഈ സംഭവത്തെ പ്രകീര്‍ത്തിക്കുന്നു. കേരള സംസ്ഥാനം രൂപം
കൊണ്ടതിനു ശേഷം അഖില തിരുവിതാംകൂർ പെരുവണ്ണാർ വേലവർ മഹാസഭ ‘കേരള പെരുവണ്ണാർ വേലവർ
മഹാസഭ’ എന്ന പേര്‍ സ്വീകരിച്ചു. എന്നാൽ സജീവമായി സമുദായരംഗത്തുണ്ടായിരുന്ന
മിക്കവരും കാലയവനികയ്കുള്ളിൽ മറഞ്ഞതോടെ പ്രവര്‍ത്തന മാന്ദ്യം സംഘടനയെ തളര്‍ത്തി. തുടര്‍ന്ന്‍
1976 വരെ പ്രവർത്തിച്ചെങ്കിലും ഫലപ്രദമായ പ്രവർത്തനങ്ങൾ അസാദ്ധ്യമായ
സാഹചര്യത്തിൽ ‘കേരള വേലൻ മഹാസഭ, ചേർത്തല(1974)’യിൽ
ലയിച്ചു.
1974 ജനുവരി മാസത്തില്‍ വേലന്‍, മണ്ണാന്‍, പെരുമണ്ണാന്‍, വണ്ണാന്‍, പരവന്‍, പതിയാന്‍, തണ്ടാന്‍ എന്നീ ജാതികളെ പട്ടികജാതിയില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചതായ പത്രവാര്‍ത്തകള്‍വന്നു. ഒറ്റതിരിഞ്ഞ പ്രതിഷേധ സ്വരങ്ങള്‍ സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ നിന്നും ഉണ്ടായി എന്നതൊഴിച്ചാല്‍ സംഘടിതരൂപത്തില്‍ ഒരു മഹാ സമരമായി അത് വികസിച്ചില്ല. അന്ന്‍ നിലവിലുണ്ടായിരുന്ന പല സമുദായ സംഘടനകളുടേയും പ്രത്യേകിച്ചും ചേര്‍ത്തല താലൂക്കില്‍ നാമമാത്രമായെങ്കിലും പ്രവര്‍ത്തിച്ചിരുന്ന പള്ളൂരുത്തി കേരള വേലന്‍ മഹാജന സഭയുടെ ശുഷ്കമായ അടിത്തറയുടേയും പൊള്ളയായ നേതൃത്വത്തിന്റെയും പോളിച്ചുകാട്ടലായി ആ സംഭവം.
ചേര്‍ത്തലയിൽ നിന്നും നാഷണൽ ഹൈവെ വഴി വടക്കോട്ട് പോകുമ്പോൾ കുത്തിയതോട് ബസ് സ്റ്റോപ്പിനു പടിഞ്ഞാറു മാറി
അന്നൊരു ആശാൻ കളരിയുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ക്ക് നിലത്തെഴുത്തു മുതൽ
പത്താം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് ട്യൂഷനും അവിടെ നല്‍കിപ്പോന്നു. അവിടെ വച്ച് 1974
ജൂലായ് 14ന് ഒരു ആലോചനായോഗം കോടംതുരുത്ത് പഞ്ചായത്ത് ആഫീസ്
ജീവനക്കാരനായ ശ്രീ. സി.എന്‍. ശങ്കരൻ, തുറവൂർ പറയകാട് കരോട്ട് തങ്കപ്പൻ എന്നിവർ
ചേര്‍ന്ന് വിളിച്ചു കൂട്ടി. ഈ യോഗത്തിൽ എന്‍.വി.ശശിധരന്‍, വിജയന്‍ ചമ്മനാട്,
സുകുമാരന്‍ തച്ചാളൂർ, കരുണാകരന്‍ കാട്ടിപ്പറമ്പിൽ, സി.വി. ശങ്കരൻകുട്ടി തുടങ്ങി
മുപ്പതോളം പേർ പങ്കെടുത്തു. സമുദായ രംഗത്ത് അപ്പോൾ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കേരള വേലൻ മഹാജന
സഭ പ്രവര്‍ത്തകരായ സര്‍വശ്രീ. തിരുനല്ലൂർ വിജയൻ, എ.എസ്.വിശ്വനാഥന്‍, എഴുപുന്ന
സുകുമാർ എന്നിവർ ജനസഭയുടെ ജനകീയ അടിത്തറ
നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിന്‍റെ നേതൃത്വം പള്ളൂരുത്തിയിലുള്ള ചില സവര്‍ണ്ണ വേലൻ കുടുംബ
കൊക്കസിലകപ്പെട്ടിരിക്കയാനെന്നും ആയതിനാൽ അപ്പോൾ സംജാതമായ ഭീഷണിയെ നേരിടുവാൻ ജനസഭ
അപര്യാപ്തമാണെന്നും വിശദീകരിച്ചു.
പള്ളൂരുത്തിയ്ക്കു പുറത്തുനിന്നും ആരേയും ജനസഭയുടെ ഭരണസമിതിയിലേയ്ക്ക്
എടുക്കാത്തതിനെ ചോദ്യം ചെയ്ത ശ്രീ. എ.എസ്. വിശ്വനാഥനെ ആട്ടി
പുത്താക്കുകയായിരുന്നുയെന്ന്‍ ഹൃദയവേദന യോടെ അദ്ദേഹം പറഞ്ഞു.
യോഗത്തിൽ അദ്ധ്യക്ഷം
വഹിച്ച ശ്രീ. കരോട്ട് തങ്കപ്പനാകട്ടെ ജനസഭയുടെ പള്ളൂരുത്തിക്ക് പുറത്തുനിന്നും
ഉയര്‍ന്നു വന്നിരുന്ന നേതാക്കളെ അവഹേളിച്ചു പുറത്താക്കുന്ന നയത്തിനെതിരെ ശക്തമായി
പ്രതികരിച്ചു. ഭൂരിപക്ഷ മേഖലയായ ചേര്‍ത്തല, അമ്പലപുഴ, വൈക്കം താലൂക്കുകളെ
അവഗണിക്കുവാനാണ് ജനസഭയുടെ നീക്കമെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഓര്‍മ്മപ്പെടുത്തി.
ജനസഭ നേതൃത്വവുമായി അവസാനഘട്ട ചര്‍ച്ചയ്ക്കും ഭാവിപരിപാടികൾ ആസൂത്രണം
ചെയ്യുന്നതിനുമായി കരോട്ട് തങ്കപ്പൻ, തിരുനല്ലൂർ വിജയൻ, സി. എന്‍. ശങ്കരൻ എന്നിവർ
ഉള്‍പ്പെടെ ഒരു ഏഴംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇതിന്‍ പ്രകാരം ജനസഭ നേതാക്കളുമായി (എം.കെ.
സത്യവാന്‍, ഡി. ബി. കേശവന്‍, പി.പി.പത്മനാഭന്‍, പൂപ്പന കൃഷ്ണന്‍കുട്ടി എന്നിവരുമായി) ചര്‍ച്ച
നടത്തിയെങ്കിലും സഭയുടെ താൽപ്പര്യത്തിനുപരി വ്യക്തി വിദ്വേഷം മുന്നിട്ടു നിന്ന ചര്‍ച്ചയിൽ
തീരുമാനമൊന്നും ഉണ്ടായില്ല.
തുടര്‍ന്ന്‍ വിപുലമായ
സമ്മേളനം വിളിച്ച് ജനഹിതം അറിയാനും എല്ലാവർക്കും
ഹിതമെങ്കിൽ ഒരു പുതിയ സഭയ്ക്ക് രൂപം കൊടുക്കുവാനും തീരുമാനിച്ചതിൻ
പ്രകാരം 1974 സെപ്റ്റംബർ മാസം 22 -)o തീയതി (൧൧൫൦ കന്നി ൬) പട്ടണക്കാട്ട് വേലന്‍ പറമ്പിൽ
ഒരുക്കിയ പന്തലിൽ വിപുലമായ സമ്മേളനം വിളിച്ചുകൂട്ടി. കരോട്ട് തങ്കപ്പന്‍,
തിരുനല്ലൂർ വിജയൻ, എന്‍.വി.ശശിധരന്‍ എന്നിവരടങ്ങിയ പ്രസീഡിയം യോഗനടപടി കൾ നിയന്ത്രിച്ചു.
തലപ്പുലം ശ്രീ. ടി. കെ. ഗോവിന്ദന്‍ Ex. M.L.C. അവർകൾ മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ
നേതൃത്വത്തിൽ പ്രവര്‍ത്തിക്കുന്ന കേരള പെരുമണ്ണാൻ വേലൻ മഹാസഭയുടെ പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനം
ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ സഭയുടെ പേരിലുള്ള മായിത്തറയിലെ ആറു സെന്റ് സ്ഥലവും
നല്‍കാമെന്ന് അറിയിച്ചു. പാവപ്പെട്ട വേലന്മാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന
സജീവമായ സമരസംഘടന “കേരള വേലന്‍ മഹാ സഭ (KVMS)” അങ്ങിനെ രൂപം കൊണ്ടു.
കരോട്ട് തങ്കപ്പന്‍, പ്രൊഫസർ. വയലാർ നാരായണൻ, പ്രൊഫസർ. പ്രഭാകരന്‍, പ്രൊഫസർ
കരുണാകരൻ എന്നിവർ ഉപദേശകരായും ശ്രീ. എന്‍.വി.ശശിധരന്‍
പ്രസിഡന്റ്, ശ്രീ. എ.എസ്. വിശ്വനാഥന്‍ സെക്രട്ടറി, ശ്രീ. സി.എന്‍. ശങ്കരൻ ഖജാന്‍ജി
എന്നിവർ ഉള്‍പ്പടെ പതിനഞ്ചുപേർ അടങ്ങുന്ന സംസ്ഥാന കമ്മറ്റിയേയും യോഗത്തിൽ വച്ച്
തിരഞ്ഞെടുത്തു.
1975 ജൂണ്‍ 26 ഭാരത ചരിത്രത്തിലെ ഒരു കറുത്ത ദിനം. ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപനം.
വ്യക്തി സ്വാതന്ത്രവും രാഷ്ട്രീയ സ്വാതന്ത്രവും തടയപ്പെട്ടു. പ്രതിപക്ഷത്തുള്ള
നേതാക്കളൊക്കെ ജയിലിൽ. പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ്.
“നാവടക്കു പണിയെടുക്കു” മുതലായ മുദ്രാവാക്യങ്ങൾ
പൊതുസ്ഥാപനങ്ങളിലും ബസുകളിലും പരക്കെ പതിച്ചിരിക്കുന്നു. സ്കൂളുകളിലും ആഫീസുകളിലും
തികഞ്ഞ ശാന്തത. കാര്യങ്ങൾ കാര്യക്ഷമമായി. സമരങ്ങളില്ല,
മുദ്രാവാഖ്യം വിളികൾ കേട്ട നാള്‍ മറന്നു. പാര്‍ട്ടി ആഫീസുകൾ
പൂട്ടി. ഒരു ജാഥ നടത്താതെയോ പത്ത് മുദ്രാവാക്യം വിളിക്കാതെയോ
നിത്യജീവൻ നിലനിര്‍ത്താൻ സാധിക്കാതിരുന്ന ചേര്‍ത്തല വേലന്മാർക്ക് പിടിച്ചുനില്ക്കാൻ കിട്ടിയ കച്ചിത്തുരുംബായിരുന്നു ‘കേരള വേലന്‍ മഹാസഭ’. അതുകൊണ്ടുകൂടിയാകണം അത്ഭുതപൂര്‍ണ്ണമായ
‘കേരള വേലന്‍ മഹാസഭ’ യുടെ വളര്‍ച്ച. ചേര്‍ത്തല താലൂക്കിന്‍റെ വടക്കെ അറ്റമായ അരൂർ മുതൽ തെക്ക് മാരാരിക്കുളം വരെയും വൈക്കം താലൂക്കിൽ ഉദയനാപുരം, വൈക്കം, ടി.വി. പുരം എന്നിവിടങ്ങളിലുമായി നാല്‍പ്പതിലതികം
ശാഖകളുമായി കേരള വേലൻ
മഹാസഭ വളര്‍ന്നു. അറിയപ്പെടുന്ന ഒരുപാടു പാര്‍ട്ടിപ്രവര്‍ത്തകർ കൂടി രംഗത്തുവന്നതോടുകൂടി മഹാസഭയ്ക്ക് ഒരു പ്രൊഫഷനൽ സ്പര്‍ശം
കൂടിയായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടവർ
സഖാക്കൾ പി. എന്‍. പരമേശ്വരന്‍ (CPM), സി. കെ. ശങ്കരന്‍ (CPI), കെ.നാരായണന്‍ (CPM)
, കെ. എന്‍. വെളുത്ത (CPM) സി. എന്‍. കരുണാകരന്‍ (CPM) കുമാരൻ മാരാരിക്കുളം (CPM) മുതലായവർ ആണ്.
പുതിയ സംഘടനയ്ക്ക്
അത്യാവശ്യമായി ഭരണഘടന എഴുതിയുണ്ടാക്കണം. അതിനു മുമ്പ് അതിന്‍റെ ചട്ടക്കൂട് നിര്‍മ്മിക്കണം,
ആരൊക്കെ ആയിരിക്കണം അതിലെ മെമ്പറന്മാർ എന്നതിനെ ക്കുറിച്ച് മാസങ്ങളോളം ചര്‍ച്ചകൾ
നടന്നു. അതിനോടുക്കം ഉപദേശക സമിതി, സംസ്ഥാന കമ്മിറ്റി, താലൂക്ക് കമ്മിറ്റി, ശാഖകൾ
എന്ന ചട്ടക്കൂടും ‘വേലന്‍’ എന്നത് എല്ലാ അവാന്തരവിഭാഗങ്ങളുടെയും പൊതുനാമമായി
സ്വീകരിക്കുവാനും, വേലന്‍, മണ്ണാന്‍, വണ്ണാന്‍, പെരുമണ്ണാന്‍, പരവന്‍, പതിയാന്‍
എന്നീ സമുദായാംഗങ്ങലുടെ സര്‍വതോന്മുഖമായ ക്ഷേമത്തിനും, അഭിവൃദ്ധിയ്ക്കും,
ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാനും
തീരുമാനിച്ചു.
ഇപ്രകാരം ഒരു നീയമാവലിയുണ്ടാക്കി. രജിസ്ട്രേഷനായി ആലപ്പുഴ ധര്‍മ്മസ്ഥാപന സൊസൈറ്റി
രജിസ്ട്രാറെ സമീപിച്ചു. ആയതു വായിച്ച് അദ്ദേഹം രണ്ടു പ്രധാന തടസവാദങ്ങൾ
ഉന്നയിച്ചു.
ഒന്ന്‍ - ഉപദേശക സമിതി പാടില്ല. തീരുമാനങ്ങൾ എടുക്കുന്നത് സംസ്ഥാന കമ്മിറ്റി
മാത്രമായിരിക്കണം അതിനു തടസമുണ്ടാക്കുന്ന ഒരു ഏജന്‍സിയും പാടില്ല.
രണ്ട് –
താലൂക്ക് കമ്മിറ്റികള്‍ക്കും ശാഖാ കമ്മിറ്റികള്‍ക്കും സംസ്ഥാന കമ്മിറ്റിയെടുക്കുന്ന തീരുമാനങ്ങൾ അതേപടി നടപ്പാ ക്കുന്നതിനപ്പുറം
മറ്റ് അധികാരങ്ങൾ (ചോദ്യം ചെയ്യുവാനോ, ഭേദഗതി ചെയ്യുവാനോ, തിരസ്കരിക്കുവാനോ)
പാടില്ല.
മഹാസഭയുടെ മസ്തിഷ്കം സംസ്ഥാന കമ്മിറ്റിയും കൈകാലുകൾ താലൂക്ക്, ശാഖ
കമ്മിറ്റികളും. ഈ നിര്‍ദ്ദേശങ്ങൾ മാനിച്ച് മാറ്റിയെഴുതിയ കേരള വേലൻ മഹാസഭയുടെ നീയമാവലികളും ചട്ടങ്ങളും S No. A
67/1975 നമ്പരായി 4 – 10 - 1975ൽ രജിസ്റ്റർ ചെയ്തു.
സി. കെ.
ശങ്കരൻ (പട്ടണക്കാട്) പ്രസിഡന്റ്, എഴുപുന്ന സുകുമാർ സെക്രട്ടറി, എന്‍. എ. ഗോപാലന്‍ ഖജാന്‍ജിയുമായി ചേര്‍ത്തല താലൂക്ക് കമ്മറ്റി
നിലവിൽ വന്നു. ശാഖകളുടെ രൂപീകരണത്തിലും തുടർനടത്തിപ്പിലും നിസ്തുലമായ സേവനമാണ് താലൂക്ക് കമ്മറ്റി നല്‍കിയത്. ചേര്‍ത്തല
ദേവീക്ഷേത്രത്തിനു തെക്കുമാറിയുള്ള പാട്ടത്തിൽ
ബില്‍ഡിങ്ങിലേയ്ക്ക് മാറി ആഫീസ് തുറന്നപ്പോൾ ദൈനംദിന പ്രവര്‍ത്തനങ്ങൾ മുടങ്ങാതെ നടത്തിപ്പോയിരുന്നത് താലൂക്ക് കമ്മിറ്റി ആയിരുന്നു. ഓഫീസ് സെക്രട്ടറിയായി ആർ.ദിനേശനും.
മുന്‍പ് പാര്‍ട്ടികേന്ദ്രങ്ങളിൽ നടത്തികൊണ്ടിരുന്ന പല
പ്രശ്നപരിഹാരങ്ങളും (അടിപിടി കേസ്, അതിര്‍ത്തി തര്‍ക്കം, കുടുംമ്പ വഴക്ക്, പോലീസ്
കേസ് മുതലായവ) മഹാസഭ ആഫീസിൽ കൈകാര്യം ചെയ്യാൻ തുടങ്ങി. ഒരു ചെറിയ കാര്യത്തിനു പോലും പോലീസ് സ്റ്റേഷനിൽ കയറാൻ ധൈര്യം ഇല്ലാതിരുന്ന സമുദായ
പ്രവര്‍ത്തകർ പാര്‍ട്ടി സഖാക്ക ളുടെ പരിശീലനം മൂലം അവിടുത്തെ
നിത്യ സന്ദര്‍ശകരായി. അടിയന്തിരാവസ്ഥ
കാലഘട്ട ത്തിൽ പാര്‍ട്ടിക്കു നഷ്ടമായ അംഗീകാരം മഹാസഭയ്ക്ക്
നേട്ടമായി.
1976 ഫെബ്രുവരി മാസം 13ന് എറണാകുളം ഗസ്റ്റ് ഹൌസിൽ
വച്ച് പട്ടിക ജാതി/വര്‍ഗ്ഗ ക്ഷേമ പഠന പാർലമെന്‍റ് കമ്മിറ്റി തെളിവെടുപ്പ്
നടത്തുന്നു. ലോകൂർ കമ്മിറ്റി റിപ്പോര്‍ട്ടിൽ അനുകൂലമല്ലാത്ത പരാമര്‍ശങ്ങൾ
ഉള്ളതിനാൽ അത്യന്തം ശ്രദ്ധയോടെ വേണം മെമ്മോറാണ്ടം തയ്യാറാക്കാന്‍. കൂടാതെ ഈ
വിഷയങ്ങളിൽ ശക്തമായ വാദഗതികൾ അവതരിപ്പിക്കാൻ കഴിയുന്ന മഹത്
വ്യക്തികളെകൂടി തെളിവെടുപ്പിന് പോകുമ്പോൾ കൂടെ കൂട്ടണമെന്നും തീരുമാനമായി. അതിന്‍
പ്രകാരം അന്ന്‍ കോട്ടയം ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കൽ
ആഫീസരായ ഡോ. വേലായുധന്‍ എളമനയേയും (പ്രസിഡന്റ്, പട്ടികജാതി-ന്യൂനപക്ഷ കര്‍മ്മക്ഷേമ
സഭ) KVPMS കണ്‍വീനറായ ശ്രീ. പി. എസ്. വേലപ്പന്‍ അവർകളെയും
സമീപിച്ചു. ശ്രീ. പി. എസ്. വേലപ്പന്‍ ചേര്‍ത്തല
വന്ന്‍ താമസിച്ച് മഹാസഭയ്ക്കു വേണ്ടി മെമ്മോറാണ്ടം തയ്യാരാക്കിതരിക മാത്രമല്ല
മഹാസഭയുടെ ടീമിൽ ഉള്‍പ്പെട്ട് പാർലമെന്‍റ് കമ്മിറ്റി മുന്‍പാകെ
ഹാജരാകുകയും ചെയ്തു. പാർലമെന്‍റ് കമ്മിറ്റി മുന്‍പാകെ മഹാസഭ്യ്ക്കു വേണ്ടി ഹാജരായവർ
സര്‍വശ്രീ. 1. എന്‍. വി. ശശിധരന്‍, 2. എ.എസ്. വിശ്വനാഥന്‍, 3. കരോട്ട് തങ്കപ്പന്‍
4. തിരുനല്ലൂർ വിജയൻ 5. പ്രൊഫസർ വയലാർ നാരായണന്‍ 6. പ്രൊഫസർ പ്രഭാകരൻ, 7. സി.എന്‍.
ശങ്കരന്‍ 8. പി. എസ്. വേലപ്പന്‍ 9. ഡോ. വേലായുധന്‍ എളമന എന്നിവരായിരുന്നു.
എറണാകുളം
ഗസ്റ്റ് ഹൌസിൽ തെളിവെടുപ്പിന് ഒരുപാടു സംഘടനകളുടെ നേതാക്കളും ഉദ്യോഗസ്ഥരും,
ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. ഭാരതീയ വേലന്‍ സൊസൈറ്റിയുടെ പ്രസിഡന്‍റ് ശ്രി.
രാഘവന്‍ ശാസ്ത്രിയേയും സംഘത്തിനെയും പരിചയപ്പെട്ടു. അവരുടെ മെമോറാന്‍ഡം വായിച്ചു
കൊണ്ടിരുന്ന കരോട്ടു തങ്കപ്പനും സി എൻ ശങ്കരനും ആകെ പ്രകോപിതരായി ശാസ്ത്രികളോട്
കയര്‍ക്കുകയും ആയത് കീറികളയുകയും ചെയ്തു. വേലന്മാർ ദൈവിക പൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാരാനെന്നും
വൈദ്യവൃത്തിയും മന്ത്രവാദവും വേലന്‍പാട്ടും നടത്തി സാമൂഹ്യസേവനം
തൊഴിലാക്കിയവരാനെന്നും അതിൽ എഴുതി ചേര്‍ത്തിരുന്നു. തെങ്ങുകയറ്റക്കാരെയും,
അലക്കുകാരെയും ചായംപൂശുകാരെയും വെറുതെയൊന്ന് പരാമര്‍ശിക്കമാത്രം ചെയ്ത ആ
മെമ്മോറാണ്ടം ഒരുപക്ഷെ ലോക്കൂർ കമ്മിറ്റി
റിപ്പോര്‍ട്ടിന് സഹായകരമായ ഒരു തെളിവ് ആകുമായിരുന്നു. ഒരുപക്ഷെ ഇക്കൂട്ടർ ലോക്കൂർ
കമ്മിറ്റിക്ക് മുന്‍പാകെ 1964ൽ
കൊടുത്ത നിവേദനഭലമാണോ നമുക്കെതിരായ പരാമര്‍ശ മുണ്ടാകാന്‍ കാരണമെന്നു
ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു.
ഏതായാലും നമ്മുടെ സമൂഹം അകത്തുനിന്നും പുറത്തുനിന്നും നേരിടുന്ന
ഉപദ്രവങ്ങളിൽ പ്രധാനം കൂടെ നിന്നു കുഴികുത്തുന്ന ഭാരത വേലൻ സൊസൈറ്റിയാണെന്ന്‍ തിരിച്ചറിഞ്ഞ
സമയമായിരുന്നു അത്. നമ്മൾ സമര്‍പ്പിച്ച
സമഗ്രമായ നിവേദനം മൂലം പട്ടികജാതിയിൽ അടുത്ത 10 കൊല്ലം കൂടി തുടരുവാൻ ഉത്തരവായി.
ഇതോടെ
ശ്രീ. പി. എസ്. വേലപ്പനും ഡോ. വേലായുധന്‍ എളമനയും KVMS മായി കൂടുതൽ അടുക്കുകയും നമ്മളുടെ പല യോഗങ്ങളിലും പ്രാസംഗികരായി എത്തുകയും തുടര്‍ന്ന്‍
നമ്മുടെ അംഗമായി ചേരുകയും ചെയ്തു. അവരുടെ സഹായത്താൽ
വടക്കൻ മേഖലയിൽ നിന്നും കെ. ആർ. ചെങ്ങമനാട് തുടങ്ങിയ ഒരുപാടു നല്ല സമുദായ പ്രവര്‍ത്തകർ സംഘടനയിൽ
വന്നു. നേരത്തെ സഹായ വാഗ്ദാനം ചെയ്തിരുന്ന
പ്രകാരം തലപ്പുലം ടി. കെ. ഗോവിന്ദന്‍ അവര്‍കളുടെ KPVMS എന്ന സംഘടന KVMSമായി
ലയിക്കാൻ തീരുമാനിച്ചു. 1976 നവമ്പർ മാസം 28ന്
ഏറ്റുമാനൂർ PT കോളേജിൽ വച്ചു കൂടിയ KPVMS – KVMS സംയുക്ത
യോഗം KPVMS നീരുപാധികം KVMSൽ ലയിക്കുവാൻ
തീരുമാനിക്കുകയും ലയന പ്രമേയം ഐകകണ്ഠേന പാസ്സാക്കുകയും ചെയ്തു. അതിന്‍ പ്രകാരം
കോട്ടയം താലൂക്കിലെ 11 ശാഖകൾ, മീനച്ചിൽ താലൂക്കിലെ 17 ശാഖകൾ, ഇടുക്കിയിൽ 8 ശാഖകൾ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ
നിന്ന് ഏതാനും ശാഖകളും KVMS ശാഖകളായി മാറുകയും ചെയ്തു.
ജനതാപാര്‍ട്ടി
നോമിനിയായി ശ്രീ. എ. എസ്. വിശ്വനാഥന്‍ ആലപ്പുഴ ജില്ല പട്ടികജാതി വികസന ഉപദേശക
സമിതിയിൽ എത്തിയതിനാൽ പട്ടികജാതിക്കാര്‍ക്കുള്ള
ആനുകൂല്യങ്ങൾ സമയാസമയം അറിയുവാനും അതിനുള്ള അപേക്ഷകൾ തയ്യാറാക്കി
ശാഖകൾ വഴി വിതരണം ചെയ്ത് വാങ്ങിയെടുക്കുവാനുള്ള ശ്രമവും
നടത്തി. ക്ഷേമ പ്രവര്‍ത്തനങ്ങൾ കൂടുതലായി ചെയ്തു കൊടുക്കുവാന്‍
അടിയന്തിരാവസ്ഥ മൂലം സംജാതമായ ഉദ്യോഗസ്ഥ തലത്തിലെ കാര്യക്ഷമതയും സഹായകമായി. ഇതിനിടെ രൂപംകൊണ്ട തൃശ്ശൂരിലെ SC/ST കൊര്പ്പോറെഷൻ വഴിയുള്ള പുരവയ്ക്കാനും സ്ഥലം വാങ്ങുവാനും സ്വയം തൊഴിലിനുമുള്ള
ആനുകൂല്യങ്ങളെക്കുറിച്ച് എല്ലാ ശാഖകളിലും വിവരങ്ങളെത്തിക്കുവാനും ഒരുപാടുപേര്‍ക്ക്
ആയത് വാങ്ങിക്കൊടുക്കുവാനും സഹായിച്ചു. മിക്കവാറും എല്ലാ ശാഖകളിലും ഓണഫണ്ട്, മരണ
സഹായഫണ്ട്, ചെറുകിട ചിട്ടികൾ എന്നിവയുമായി ഒന്നു രണ്ടു കൊല്ലം കൊണ്ട് മഹാസഭ
നമ്മുടെ സമൂഹത്തിന്‍റെ വികാരമായി മാറ്റിയെടുക്കുവാന്‍ സാധിച്ചു.
KVMS ന്‍റെ
അഭൂതപൂര്‍വമായ വളര്‍ച്ച മൂലമാകണം അതിന്‍റെ നേതാക്കളായ ചില സര്‍ക്കാർ ഉദ്യോഗസ്ഥർക്ക് അടിയന്തിരാവസ്ഥയുടെ തിക്തക ഭലം അനുഭവിക്കേണ്ടി വന്നു.
പ്രധാന പ്രവര്‍ത്തകരിൽ പലരുടെയും പുറകെ മഫ്ടി പോലീസ്. ഡോ.
വേലായുധന്‍ എളമന ഒരു കള്ള കേസിൽ സസ്പെന്‍ഷൻ. അങ്ങിനെ
ഭയത്തിന്റെയും ഉത്കണ്ഠയുടെയും നാളുകളിൽ സഭാനേതാക്കള്‍ക്ക് സഹായമായത് അന്ന്‍ ഭരണക്ഷി എം.എൽ.എ.
ആയിരുന്ന മുന്‍ മന്ത്രി. ശ്രീ. ദാമോദരൻ കാളാശ്ശേരി അവര്‍കൾ ആയിരുന്നു എന്നത്
നന്ദിയോടെ സ്മരിക്കുന്നു.
ആദ്യ
ഭരണസമിതി പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു വര്‍ഷമായിരിക്കുന്നു. സംഘടന കെട്ടിപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം പൂര്‍ണ്ണമാക്കിയ സംതൃപ്തി. വാര്‍ഷീകം നടത്തി
പുതിയ ഭരണ സമിതിയെ കണ്ടെത്തണം. ഇപ്പോൾ ഈ ജാതികളുടെ കേരളത്തിലെ ഏറ്റവും വലിയ
സംഘടനയായി മാറിയ സ്ഥിതിയ്ക്ക് കുറെകൂടി പരിണിതപ്രജ്ഞരും
പ്രായമുള്ളവരുമായ നേതാക്കളാണ് KVMSന്‍റെ തലപ്പത്ത് വരേണ്ടത് എന്ന വിചാരം പല സന്ദര്‍ഭങ്ങളിലും
തോന്നിത്തുടങ്ങിയിരുന്നു. പ്രത്യേകിച്ചും ഗവണ്മെന്റ് തല ചര്‍ച്ചകളിൽ
പങ്കെടുക്കുമ്പോൾ. മറ്റ് സമുദായ നേതാക്കളെല്ലാം തലനരച്ചവർ. 25 വയസുമാത്രം പ്രായമുള്ള പ്രസിഡന്‍റ് പലപ്പോഴും അവരുടെ ഇടയിലെ ഒറ്റയാനായി മാറിയതു പോലെ തോന്നിയിരുന്നു.
ഒരുപക്ഷെ സംഘടനയുടെ അഭൂതപൂര്‍ണമായ വളര്‍ച്ചയ്ക്ക് ഒരു കാരണം യുവനേതൃത്വത്തിലുള്ള
ജനത്തിന്‍റെ വിശ്വാസമായിരിക്കണം.
1977 ജനുവരി
മാസം 23ന് വാര്‍ഷീകം നടത്തുവാൻ തീരുമാനിച്ചു.
ആയ്തിലേയ്ക്കായി ഒരു സ്വാഗത സംഘം വിളിച്ചുചേര്‍ത്തു. 101 പേർ അടങ്ങുന്ന
സ്വാഗതസംഘം ശ്രീ. സി. കെ. ശങ്കരന്‍ ചെയര്‍മാനായും ചേര്‍ത്തല മുനിസിപ്പൽ കൌണ്‍സിലർ
ശ്രീ. കെ. എന്‍. വെളുത്ത കണ്‍വീനറായും രൂപീകരിച്ചു. നമ്മുടെ സമുദായ ചരിത്രത്തിൽ എന്നെന്നും
ഓര്‍മ്മിക്കപ്പെടെണ്ടതായ ഒരു സംഭവമായി ഈ വാര്‍ഷീകം മാറ്റിയെടുക്കണമെന്ന
അഭിവാഞ്ചയായിരുന്നു എല്ലാവർക്കും. ബിസിനസ്സ് സമ്മേളനം, പ്രകടനം, പൊതുസമ്മേളനം,
സംഗീത സദസ്, നാടകം എന്നിവയായി അടിയന്തിരാവസ്ഥ മൂലം ഊഷരമായ ചേര്‍ത്തലയുടെ മണ്ണിൽ
പുതുമഴയായി KVMS. 5000 രൂപയുടെ ബജറ്റ്. ശാഖകളിൽ നിന്നും 100 രൂപ വീതം പിരിവ്. കൂടാതെ സ്വാഗതസംഘത്തിന്‍റെ നേരിട്ട്
പിരിവ് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ
നിന്നും.
വാര്‍ഷീക ദിനമായി. ചേര്‍ത്തല ടൌണും സമീപപ്രദേശങ്ങളും KVMS ന്‍റെ കൊടിതോരണങ്ങൾ
കൊണ്ടു നിറഞ്ഞു. രാവിലെ ടൌൺ LPSൽ തുടങ്ങിയ പ്രതിനിധി സമ്മേളനം പൊതുവെ
ഭരണനേതൃത്വത്തെ പ്രകീര്‍ത്തിക്കുകയും കൂടുതൽ ഔന്യത്തിലെയ്ക്ക് പറക്കുവാൻ ആഹ്വാഹ്നം
ചെയ്യുകയും ചെയ്തു. പുതിയ ഭരണസമിതിയിൽ ഡോ. കെ. വേലായുധന്‍ എളമനയെ പ്രസിഡന്‍റ് ആയും
ശ്രീ. തിരുനല്ലൂർ വിജയൻ ജന. സെക്രട്ടറിയായും
പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. തുടര്‍ന്ന്‍ നാലുമണിക്ക് തങ്കി കവലയിൽ
നിന്നാരംഭിച്ച പ്രകടനം പൊതുസമ്മേളന വേദിയായ മുട്ടം ബസാറിലെത്തിയപ്പോഴെയ്ക്കും
ആറുമണിയായി. അത്ര വമ്പിച്ച പ്രകടനം നമ്മുടെ സഭാ ചരിത്രത്തിൽ
പിന്നീടുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടി യിരിക്കുന്നു. സ്വാഗത സംഘം
പ്രസിഡന്റ് ശ്രീ. സി. കെ. ശങ്കരൻ അവര്‍കളുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം
ശ്രീ. ദാമോദരന്‍ കാളാശ്ശേരി എം.എൽ.എ. ഉത്ഘാടനം ചെയ്തു. സര്‍വശ്രീ. എന്‍. പി.
തണ്ടാർ എം.എൽ.എ., ഡോ. എം.എ. കുട്ടപ്പന്‍, ഡോ. കെ. വേലായുധൻ എളമന, ടി. കെ. ഗോവിന്ദൻ,
എന്‍. വി. ശശിധരന്‍ മുതലായ നേതാക്കൾ പ്രസംഗിച്ചു. തുടര്‍ന്ന്‍ പട്ടണക്കാട്
പുരുഷോത്തമന്റെ സംഗീതസദസും ശ്രീമൂലനഗരം വിജയൻ (സിനിമ നടന്‍) നയിച്ച ഗ്രീഷ്മം എന്ന നാടകവും
ഉണ്ടായിരുന്നു. നാടക മാനേജർ ശ്രീമൂലനഗരം മോഹനന് കൊടുക്കുവാൻ 800രൂപയുടെ കുറവു
സംഭവിച്ചത് സമയത്തിനു നികത്തി സഭയുടെ അഭിമാനം സംരക്ഷിച്ചത് ശ്രീ. പപ്പച്ചൻ വാദ്യാർ
അവർകളായിരുന്നു. ആയത് തിരിച്ചു കൊടുക്കുവാൻ പിന്നീടു വന്ന ഭരണസമിതികൾ വൈമനസ്യം
കാണിച്ചതിനാൽ അഞ്ചു കൊല്ലത്തിനു ശേഷം ശ്രീ. എന്‍. വി. ശശിധരന്‍ തന്നെ സ്വന്തം കൈയ്യിൽ നിന്നും
കൊടുത്തു. (അപൂര്‍ണ്ണം)