ശ്രീ.രാമസ്വാമി ക്ഷേത്രം, പ്ലാശനാല്‍ .പി. ഓ., തലപ്പുലം, ഈരാറ്റുപേട്ട, കോട്ടയം.
ശ്രീ.രാമസ്വാമി ക്ഷേത്രം മകര ചിത്തിര മഹോത്സവത്തോടനുബന്ധിച്ച് (2-2-2013) മഹാസഭ പ്രവര്‍ത്തകര്‍ അലങ്കരിച്ചപ്പോള്‍ .
ലഘു ചരിത്രം
തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഭരിച്ചു കൊണ്ടിരുന്ന 1888 മുതൽ 1924 വരെയുള്ള കാലഘട്ടം. നമ്മുടെ സമൂഹം തികച്ചും അപരിഷ്കൃതരും
അടിമകളും അസ്പ്രുശ്യരും ആയിരുന്നു.
തെങ്ങുകയറ്റ തൊഴിൽ ഇക്കൂട്ടരുടെ കുത്തകയായിരുന്നു, അദ്ധ്വാനം കൂടുതലുള്ള
തൊഴിലായതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ ഇക്കൂട്ടർ ശരീരത്തിനു ആയാസം കിട്ടാൻ കള്ള്
ഒരൗഷധമെന്ന നിലയിൽ കഴിക്കുവാൻ തുടങ്ങുമായിരുന്നു. അക്കാരണം കൊണ്ട് മിക്കവാറും
വീട്ടുചിലവ് കഴിയുന്നത് സ്ത്രീകളുടെ അലക്ക്, മാറ്റുകൊടുക്കൽ മുതലായ തൊഴിലിൽ
നിന്നാണ്. മദ്ധ്യവയസു തുടങ്ങും മുമ്പേ ഇവര്‍ക്കു വയസായി. അദ്ധ്വാനഭാരം കൊണ്ട്
വളഞ്ഞ ശരീരവും ജോലിചെയ്യുവാൻ കഴിയാതെയായതു കൊണ്ട് മുന്‍പ് മാറിനിന്നിരുന്ന
അസുഖങ്ങൾ ഓരോന്നായി പിടിപെട്ട് ചുമച്ചും കുരച്ചും വലിച്ചും ഒടുങ്ങാൻ
വിധിക്കപ്പെട്ടവർ. പിന്നെ ജീവിക്കുവാൻ കുറെ കുരുട്ടുവിദ്യകൾ. ബാലചികിത്സ,
മന്ത്രവാദം, കുടകെട്ട് ഇത്യാദി. ‘വേലൻ മൂത്താൽ വേലികെട്ട് പിന്നെ മന്ത്രവാദം’
കരപ്പുറത്ത് ഇങ്ങിനെയൊരു ചൊല്ലുകൂടിയുണ്ട്.
ബാലചികിത്സയ്ക്കും ഓതികൊടുക്കലിനും മറ്റുമായി അത്യാവശ്യം എഴുത്തും വായനയും
കാര്‍ന്നോന്മാർക്ക് വശമായിരുന്നു. ആയത് ചെറിയ പ്രായത്തിൽ തന്നെ
കുഞ്ഞുങ്ങളിലേയ്ക്ക് പകരുന്നതിൽ അവർ ശ്രദ്ധിച്ചിരുന്നു. ഒരുപക്ഷെ ഈ
സാക്ഷരതയായിരിക്കണം നമ്മളെ മറ്റ് അവശവിഭാഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കിയത്. പാരമ്പര്യമായി
സിദ്ധിച്ച പാടാനുള്ള കഴിവ് പോലിപ്പിച്ചെടുത്ത് ഭദ്രകാളി ക്ഷേത്രങ്ങളിലെ
പാനപ്പാട്ടു തറയിൽ ആചാരാവകാശ ചടങ്ങായി തോറ്റംപാട്ട്, ഭഗവതിപ്പാട്ട് തുടങ്ങിയവയും
നടത്തിയിരുന്നു. വടക്കന്‍ കേരളത്തിൽ പ്രത്യേകിച്ചും മലബാറിൽ തെയ്യവും തിറയും
കേട്ടിയാടിയിരുന്നവര്‍ക്ക് ദൈവപ്രസാദമുള്ളവരെന്ന നിലയിൽ ചില പരിഗണനകൾ
കിട്ടിയിരുന്നു.
വെറ്റിലയിൽ ഇഞ്ചിയും ഉപ്പും വച്ച് ഓതികൊടുത്ത് വയറുനോവുമൂലം വാവിട്ടു കരയുന്ന കുഞ്ഞുങ്ങളെ
നൊടിയിടെ സുഖപ്പെടുത്തി വൈദ്യനെന്നു പേരെടുത്ത ഒരുപാടു കാര്‍ന്നോന്മാർ ഈ അടുത്ത
കാലത്തുപോലും നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവര്‍ക്ക് സമൂഹത്തിൽ അല്‍പ്പം
മാന്യത കിട്ടിയിരുന്നു. വൈദ്യന്മാർ പ്രതിഫലം പറ്റിയിരുന്നില്ല. അറിഞ്ഞ് ആരെങ്കിലും
നല്‍കുന്നത് വാങ്ങിയിരുന്നു എന്നുമാത്രം. ദാരിദ്ര്യം അവരുടെ കൂടപ്പിറപ്പായിരുന്നു.
ഗോത്രസ്മൃതികളുയർത്തുന്ന ദായക്രമങ്ങുകളായ തിരണ്ടുകുളി, നൂലുകെട്ട്, പുടവകൊട
എന്നിവയും കല്യാണം, മരണം, മരണാടിയന്തിരം
മുതലായ അവസരങ്ങളിലും ആണ് സമുദായാംഗങ്ങൾ ഒന്നിച്ചു ചേരുന്നത്. മൂന്നു
ദിവസത്തെ സദ്യയാണ് കല്യാണച്ചടങ്ങുകളുടെ പ്രത്യേകത. മൂന്നാം ദിവസം ഇണങ്ങന് ദക്ഷിണ
കൊടുത്തശേഷം പെണ്ണിന് ഒരു പുടവയും തോര്‍ത്തും കൊടുത്ത് സദ്യയും കഴിച്ച്
പെണ്ണിനേയും കൊണ്ടുപോരും. എന്നാൽ വിവരിച്ചതുപോലെ അത്ര ശാന്തമായി കാര്യങ്ങൾ
പര്യവസാനിക്കുമെന്നു വിചാരിക്കണ്ട. കള്ളിന്‍റെ അതിപ്രസരത്താൽ ചെറിയ വാക്കുതര്‍ക്കത്തിൽ
തുടങ്ങി ഉന്തും തള്ളിലുമായി നീണ്ട് അവസാനം അടിപിടിയിലെത്തുകയും നാട്ടുകാർ ഇടപെട്ട്
ഒരുവിധം രണ്ടു കൂട്ടരെയും അകറ്റി നിർത്തിയാലും മുറുമുറുത്ത് സദ്യ ബഹിഷ്കരിച്ച്
ഒരു കൂട്ടർ ഇറങ്ങിപ്പോകുകയും, അടുത്തുള്ള ഷാപ്പിൽ കയറുക എന്നതും ഈ സമുദായത്തിന്റെ
മുഖമുദ്രയായിരുന്നു. വീട്ടുകാരുടെ സന്തോഷം
ദുഃഖമായി, ദുരന്തമായി മാറുകയും ചെയ്യും. ഇതിനൊക്കെ ഒരു പരിഹാരം വേണമെന്ന്‍ ഉല്‍പതിഷ്ണുക്കളായ
ചെറുപ്പക്കാര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു. ഇതിൽ പ്രധാനികളാണ് സമുദായത്തിന്‍റെ
ഉദ്ധാരണത്തിനും സാമൂഹ്യമായ സമത്വത്തിനും വേണ്ടി രംഗത്തിറങ്ങിയ തലപ്പുലം ടി. കെ.
ഗോവിന്ദന്‍, അര്‍ത്തുങ്കൽ പി. ആർ. വേലായുധന്‍ വൈദ്യർ, ചേര്‍ത്തല അങ്കൻ വൈദ്യർ
എന്നിവർ.
സമുദായാംഗങ്ങലുടെ ഇപ്രകാരമുള്ള പ്രവൃത്തികളും മദ്യം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും
അലങ്കോലങ്ങളും കണ്ടു മനസുമടുത്ത് ഇതിനൊരു പരിഹാരമുണ്ടാ ക്കുന്നതിനായി ഒരു
ആലോചനായോഗം ആയിരത്തിഒരുന്നൂറാമാണ്ട് മകരമാസം ഇരുപത്തിഒന്‍പതാം തീയതി ബുധനാഴ്ച (1925 ഫെബ്രുവരി 11) പകൽ ഒരുമണിക്ക് തലപ്പുലത്ത് വിളിച്ചു ചേര്‍ത്തു. 22 പേർ
പങ്കെടുത്ത യോഗത്തിൽ ശ്രീ. എം, ആർ. നാരായണന്‍ വൈദ്യർ അദ്ധ്യക്ഷനായും ശ്രീ.ടി. കെ.
ഗോവിന്ദൻ കാര്യദര്‍ശിയുമായും ഒരു ഭജനയോഗ സമിതി രൂപീകരിക്കുവാനും എല്ലാ മലയാള മാസം
ഒന്നാം തീയതി ഓരോ വീട്ടിൽ വച്ചും ഭജന നടത്തുവാനും അതിനുള്ള ചിലവിനായി ഭജന വരിസംഖ്യ
പിരിക്കുവാനും തീരുമാനിച്ചു.
ഇങ്ങിനെ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ യോഗം രജിസ്റ്റർ ചെയ്യണമെന്ന
ആലോചനയായി. ശ്രീ. എം. ആർ. നാരായണന്‍ വൈദ്യർ
എഴുതിയുണ്ടാക്കിയ നീയമാവലി ഭരണങ്ങാനം സബ് രജിസ്ട്രാർ ആഫീസിൽ 52 നമ്പരായി ൧൧൦൨
മേടമാസത്തിൽ (May 1927) “അഖില
തിരുവിതാംകൂർ വേലവർ മഹാസഭ” രജിസ്റ്റർ ചെയ്തു. ഒരു വര്‍ഷത്തിനുശേഷം പൂഞ്ഞാർ
ഹൈസ്കൂളിൽ പൂഞ്ഞാർ രാജകുടുംബത്തിലെ മഹാമഹിമ ശ്രീ. തിരുവാതിര തിരുനാള്‍ രാമവര്‍മ്മരാജാവിന്‍റെ
അദ്ധ്യക്ഷതയിൽ കൂടിയ വാര്‍ഷീക സമ്മേളനത്തിൽ
വച്ച് ശ്രീ. എം. ആർ. നാരായണന്‍ വൈദ്യർ
പ്രസിഡന്റ്, ശ്രീ. തലപ്പുലം ടി.
കെ. ഗോവിന്ദന്‍ സെക്രട്ടറി, ശ്രീ. തിരുവാതിര തിരുനാൾ രാമവര്‍മ്മരാജാവ്
(ഉപദേഷ്ടാവ്) തുടങ്ങി 11 പേരടങ്ങുന്ന കമ്മിറ്റിയെ തിരെഞ്ഞെടുത്തു. കോട്ടയം
ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ആകമാനം ശാഖകൾ സ്ഥാപിക്കുകയും നീയമാവലിയിൽ നിര്‍ദ്ദേശിച്ചതുപോലെ
നാള്‍വഴി, പേരേട്, രസീത് ഇത്യാദി റിക്കാര്‍ഡുകൾ ഉണ്ടാക്കി ശാഖകള്‍ക്ക് നല്‍കി.
ഈ കാലഘട്ടത്തിൽ തന്നെ ഏറ്റുമാനൂർ കേന്ദ്രമാക്കി സര്‍വശ്രീ. ടി. എസ്. കൊച്ചുപിള്ള, കോതനല്ലൂർ വി. എന്‍. അയ്യപ്പൻ, മാത്തശ്ശേരി വി.ഇ. ഈച്ചരന്‍ വയല എസ്. വേലായുധന്‍ എന്നിവരുടെ നേതൃത്വത്തില്‍ “കേരളീയ വേലൻ മഹാസഭ” എന്ന പേരില്‍ ഒരു സംഘടന പ്രധാനമായും ഏറ്റുമാനൂർ, കോട്ടയം താലൂക്കുകളിൽ നല്ലനിലയിൽ പ്രവര്‍ത്തിച്ചു വരുന്നുണ്ടായിരുന്നു. ൧൧൦൩ ചിങ്ങമാസത്തിൽ (Septmber 1927) ശ്രീ. തലപ്പുലം ടി. കെ. ഗോവിന്ദന്‍റെ ശ്രമഫലമായി രണ്ടു സംഘടനകളും കൂടി യോജിക്കുകയും “സന്മാര്‍ഗ്ഗ പോഷിണി സമസ്ത കേരള വേലൻ മഹാസഭ” എന്ന പേരിൽ ഒറ്റ സംഘടനയായി പ്രവര്‍ത്തനം തുടങ്ങി. പുതിയ ഭാരവാഹികൾ ശ്രീ. തലപ്പുലം ടി. കെ. ഗോവിന്ദന്‍ (പ്രസിഡന്റ്), ടി. എസ്. കൊച്ചുപിള്ള (സെക്രട്ടറി), കോതനല്ലൂർ വി. എന്‍. അയ്യപ്പൻ (ഖജാന്‍ജി) എന്നിവരായിരുന്നു.
ഈ കാലഘട്ടത്തിൽ തന്നെ ഏറ്റുമാനൂർ കേന്ദ്രമാക്കി സര്‍വശ്രീ. ടി. എസ്. കൊച്ചുപിള്ള, കോതനല്ലൂർ വി. എന്‍. അയ്യപ്പൻ, മാത്തശ്ശേരി വി.ഇ. ഈച്ചരന്‍ വയല എസ്. വേലായുധന്‍ എന്നിവരുടെ നേതൃത്വത്തില്‍ “കേരളീയ വേലൻ മഹാസഭ” എന്ന പേരില്‍ ഒരു സംഘടന പ്രധാനമായും ഏറ്റുമാനൂർ, കോട്ടയം താലൂക്കുകളിൽ നല്ലനിലയിൽ പ്രവര്‍ത്തിച്ചു വരുന്നുണ്ടായിരുന്നു. ൧൧൦൩ ചിങ്ങമാസത്തിൽ (Septmber 1927) ശ്രീ. തലപ്പുലം ടി. കെ. ഗോവിന്ദന്‍റെ ശ്രമഫലമായി രണ്ടു സംഘടനകളും കൂടി യോജിക്കുകയും “സന്മാര്‍ഗ്ഗ പോഷിണി സമസ്ത കേരള വേലൻ മഹാസഭ” എന്ന പേരിൽ ഒറ്റ സംഘടനയായി പ്രവര്‍ത്തനം തുടങ്ങി. പുതിയ ഭാരവാഹികൾ ശ്രീ. തലപ്പുലം ടി. കെ. ഗോവിന്ദന്‍ (പ്രസിഡന്റ്), ടി. എസ്. കൊച്ചുപിള്ള (സെക്രട്ടറി), കോതനല്ലൂർ വി. എന്‍. അയ്യപ്പൻ (ഖജാന്‍ജി) എന്നിവരായിരുന്നു.
അഖില തിരുവിതാംകൂർ വേലവർ മഹാസഭയുടെ ആഭിമുഖ്യത്തില്‍ അമ്പാറയിലും
തലപ്പുലത്തുമുള്ള ഏതാനും യുവാക്കളെ ചേര്‍ത്ത് ഒരു ഭജനസെറ്റ് ഉണ്ടാക്കി. ശ്രീ. തലപ്പുലം
ടി. കെ. ഗോവിന്ദന്‍ തന്നെ അവരെ ഭജന പഠിപ്പിച്ചു. തുടര്‍ന്ന്‍ പൂഞാറിലും
കീഴംപാറയിലുമുള്ള ചെറുപ്പക്കാരെ കൂടി പഠിപ്പിച്ച് ഭജന സെറ്റുകൾ ഉണ്ടാക്കി. മലയാള മാസാവസാന
രാത്രികളിലും ഏകാദശികള്‍തോറും ഓരോ പ്രദേശത്തും ഭജന നടത്തി പോന്നു. കൂടാതെ
അടിയന്തിര വീടുകളിൽ സദ്യ കഴിഞ്ഞാൽ ഭജന തുടങ്ങും. ഹാര്‍മോണിയവും, കൈമണിയും, ഗിഞ്ജറയും,
ഡോലക്കും, മിക്ക സ്ഥലത്തും ഉണ്ടാകും. ഇങ്ങിനെ ഭജന നടക്കാന്‍ തുടങ്ങിയതു മുതൽ
സമുദായാംഗങ്ങലുടെ അടിയന്തിരാദികൾ നടക്കുമ്പോൾ ഒരു അച്ചടക്കം ഉണ്ടായിതുടങ്ങി. മദ്യപിച്ചാരെങ്കിലും വന്നാലും
സംഗീതവും ഭജനയും കേട്ട് തൃപ്തരായങ്ങിരിക്കും.
വീടുകൾ
തോറും ഭജനകൾ നടത്തുന്നത് ബുദ്ധിമുട്ടാന്നെന്ന്‍ പൊതുജനാഭിപ്രായം ഉണ്ടായതിനെ തുടര്‍ന്ന്‍
പൂഞ്ഞാറിൽ പൊറ്റന്‍കുഴിയിൽ ശ്രീനാരായണ വിലാസം ഭജനമഠം (൧൧൦൫ കുംഭം) 1930 ഫെബ്രുവരി
മാസത്തിൽ ശ്രീ. നാരായണാദിത്യർ സ്വാമികളും
തലപ്പുലത്ത് താന്നിക്കൽ പുരയിടത്തിൽ ശ്രീരാമവിലാസം ഭജനമഠം (൧൧൦൫ മീനം 5)
1930 മാര്‍ച്ച് 18 ന് വരകപ്പള്ളിൽ ശ്രീ. വി. കെ. പരമേശ്വരന്‍പിള്ള ആശാന്‍ ഒരു വേൽ
പ്രതിഷ്ഠിച്ചും ഉത്ഘാടനം ചെയ്തു. തുടര്‍ന്നു ഒരു മഹാസമ്മേളനവും കാവടി ഘോഷയാത്രയും നടത്തി.
അന്നുമുതൽ എല്ലാ വര്‍ഷവും മുടങ്ങാതെ കാവടി ഘോഷയാത്ര നടത്തിപ്പോരുന്നു. ശില്പ്പിയും ചിത്രകാരനുമായിരുന്ന ശ്രീ. വയല ടി.
എസ്. കൊച്ചുപിള്ള വേലവർ ഭജനമഠത്തിന്‍റെ ചാണകം മെഴുകി ഭംഗിയാക്കിയ
മണ്‍ഭിത്തിയിൽ രാമായണത്തിലെ വിവിധ രംഗങ്ങൾ വരച്ച് ആകര്‍ഷണീയമാക്കി.
അനന്തരം ഭജനമഠം ഭേദപ്പെടുത്തി ശ്രീകോവിൽ ആക്കാൻ ശ്രമം തുടങ്ങി. വി.കെ. പരമേശ്വരന്‍ പിള്ള ആശാനെയും നെല്ലാനികുന്നേൽ എന്‍. ആർ. ശങ്കരന്‍ ആശാരി അവർകളെയും വരുത്തി ശ്രീകോവിലിനു സ്ഥാനം നിശ്ചയിച്ചു. അവിടെ കുളം കുഴിച്ച് പാറകൾ പൊട്ടിച്ച് വെള്ളം കാണുകയും അവിടെ നിന്ന്‍ ഫൌണ്ടേഷന്‍ കെട്ടി മണ്ണിടാതെ കരിങ്കല്ല് റബിളുകൾ നിറച്ച് തറയുടെ പണിതീര്‍ത്തു. ബാക്കി പണികള്‍ക്ക് കാശുതികയാതെ വന്നതിനാൽ ഒരു ഭാഗ്യക്കുറി നടത്തുകയും സമ്മാനങ്ങള്‍ക്ക് ചിലവായ തുക കഴിച്ച് ബാക്കി തുകയ്ക്ക് കരിങ്കൽ ഭിത്തിയും ഓക്ക് പീഠവും കരിങ്കൽ കട്ടിളയും പണികഴിപ്പിച്ചു. പിന്നീടുള്ള പണികള്‍ക്കായി തലപ്പുലം ശ്രീ. ടി. കെ. ഗോവിന്ദന്‍റെ നേതൃത്വത്തില്‍ മുക്കുഴി കെ. ഗോവിന്ദൻ, വി.കെ.നാരായണന്‍ തുടങ്ങിയവരുമായി പമ്പയിലും സന്നിധാനത്തുമായി അയ്യപ്പഭക്തരിൽ നിന്നും നാലുദിവസം പിരിവു നടത്തി. അക്കാലത്തായിരുന്നു ശബരിമലയിൽ തീപിടുത്തം ഉണ്ടായത്. തുടര്‍ന്ന്‍ ഭക്തന്മാരിൽ നിന്നുള്ള പിരിവ് അവസാനിപ്പിച്ച് പിന്നേയും പണി തുടങ്ങി. ഉത്തരം വേലന്‍ കുന്നേല്‍കാർ സംഭാവനയായി കൊടുത്തു. കീഴമ്പാരക്കാർ ശ്രീകോവിൽ മേയാനുള്ള ഓടു വാങ്ങി കൊടുത്തു. വലരിമാക്കൽ കുഞ്ഞൻ കല്ലുവിളക്ക് സംഭാവന ചെയ്തു. അങ്ങിനെ ശ്രീരാമകോവിലിന്റെ പണി തീര്‍ത്തു. യൂണിയന്‍ സെക്രട്ടറി ശ്രീ. മുക്കുഴിയിൽ കെ. ഗോവിന്ദന്‍ അവര്‍കളുടെ മേല്‍നോട്ടത്തിൽ പ്രതിഷ്ഠകലശം നടത്തി. ശ്രീമാന്‍ വി. കെ. പരമേശ്വരന്‍പിള്ള ആശാൻ കോണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും പോറ്റിയും പരിവാരങ്ങളുമായി കൊണ്ടുവന്നു തന്ന ശ്രീരാമ വിഗ്രഹം അഞ്ചു തന്ത്രിമാർ മൂന്ന് ദിവസം ഹോമം മുതലായവ നടത്തി എന്‍. ആർ. ശങ്കരൻ അവര്‍കൾ ബിംബം തൊട്ട് ൧൧൨൦ കർക്കിടകം ൨൩ ന് (7th August 1945) പ്രതിഷ്ഠ നടത്തി. ബിംബത്തിന്റെ അടിയിൽ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവ അടങ്ങിയ പഞ്ച ലോഹങ്ങളിട്ടാണ് പ്രതിഷ്ഠ ഉറപ്പിച്ചത്.
തലപ്പുലം താന്നിക്കൽ പുരയിടത്തിൽ യോഗമന്ദിരം നിർമ്മിക്കുന്നതിലെയ്ക്കായി 900 രൂപ സര്‍ക്കാർ അനുവദിച്ചു. കെട്ടിടം പണി പൂർത്തിയാക്കിയാലെ പണം കിട്ടുകയുള്ളൂ. അമ്പാറയിലും
തലപ്പുലത്തുമുള്ള സമുദായാംഗങ്ങളുടെ ഒരു പൊതുയോഗം വിളിച്ചുകൂട്ടുകയും ഓരോ
സമുദായാംഗവും നാലുദിവസത്തെ ശ്രമദാനം ചെയ്തു കൊടുക്കണമെന്നും അല്ലാത്ത അംഗങ്ങൾ ആളൊന്നിനു അഞ്ചു രൂപ വീതം നല്‍കണമെന്നും
തീരുമാനിച്ചു. എന്നാല്‍ ചില സമുദായാംഗങ്ങൾ തലപ്പുലം ശ്രീ. ടി. കെ.
ഗോവിന്ദന്‍റെ പറമ്പിൽ യോഗമന്ദിരം കെട്ടുന്നതിൽ അസംതൃപ്തി പ്രകടിപ്പിക്കയാൽ
യോഗമന്ദിരവും ഭജനമഠവും ഉള്‍പ്പടെ 50 സെന്റ് സ്ഥലവും അതിലുള്‍പ്പെട്ട ഫലവൃക്ഷങ്ങൾ
ഉള്‍പ്പടെ യോഗത്തിലെയ്ക്ക് തീറെഴുതിക്കൊടുത്തു. യൂണിയൻ
സെക്രട്ടറി ശ്രീ. എന്‍. ഗോവിന്ദൻ പിരിവെടുത്ത് സംഭരിച്ച 310 രൂപയും
യോഗത്തിലേയ്ക്ക് സൌജന്യമായി വകവച്ചുതന്ന 670 രൂപയും ഉള്‍പ്പടെ 970 ബ്രിട്ടീഷ് രൂപ
പ്രതിഭലം പറ്റി യോഗമന്ദിരവും ഭജനമഠവും ഉള്‍പ്പെട്ടിരിക്കുന്ന താന്നിക്കൽ
പുരയിടത്തിലെ 50 സെന്റ് സ്ഥലം ൧൧൨൪ മേടം ൮ന് (21-4-1949) പൂഞ്ഞാർ സബ് രജിസ്ട്രാർ
ആഫീസിൽ ൧൭൧൭ നമ്പറായി മീനച്ചിൽ താലൂക്ക് യൂണിയൻ പേര്‍ക്ക് രജിസ്റ്റർ
ചെയ്തുകൊടുത്തു.
തുടര്ന്ന് കാഞ്ഞിരപ്പാറ കേശവന്‍, മറ്റത്തിൽ പരമേശ്വരന്‍, വലരിമാക്കൽ കുഞ്ഞന്‍ മുതലായവർ ഒരുമാസം തുടരെ ശ്രമദാനം ചെയ്തതിനാൽ നാല്‍പ്പതടി നീളത്തിലും, ഇരുപതടി വീതിയിലും, പത്തടി ഉയരത്തിലും കരിങ്കൽ ഭിത്തി കെട്ടി ഓടുമേഞ്ഞ് പണിപൂര്‍ത്തിയാക്കിയ യോഗമന്ദിരം ഈയടുത്ത കാലത്താണ് പൊളിച്ചു കളഞ്ഞത്.
നവമ്പർ 12, 1936 (൨൭ തുലാം ൧൧൧൨) ചരിത്ര
പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം തിരുവിതാംകൂറിൽ നടപ്പിലായി. അതിന്‍റെ
അനുരണനങ്ങൾ കൊച്ചിയിലും അലയടിച്ചു. വഴിനടക്കുവാനും ക്ഷേത്രത്തിൽ കയറുവാനും
സാധിച്ചതോടെ സംഘടിത ശ്രമങ്ങളുടെ വിജയം വീണ്ടും പല പുതിയ സംഘടനകൾ രൂപം കൊള്ളുവാനും
പഴയതിന് പുരുജ്ജീവനം കൊടുക്കുവാനും വഴിയൊരുക്കി. ഇതിൽ പ്രധാനം ചേര്‍ത്തല ശ്രീ.
അങ്കന്‍ വൈദ്യരുടെ നേതൃത്വത്തിൽ രൂപീകരിച്ച “സമസ്ത കേരള വേലന്‍ മഹാജന സഭ” (൧൧൧൨) ആയിരുന്നു. ചേര്‍ത്തല, വൈക്കം, എറണാകുളം എന്നിവിടങ്ങളിൽ ശക്തിപ്രാപിച്ച “സമസ്ത കേരള വേലന്‍ മഹാജന സഭ” സര്‍വശ്രീ. സി. എന്‍.
കുമാരന്‍ ഇടപ്പള്ളി, എ. വി. കാര്‍ത്ത്യായിനി
ടാറ്റാപുരം, കൂത്താട്ടുകുളം നീലകണ്ഠന്‍, അര്‍ത്തുങ്കൽ കെ. ആർ. വേലായുധന്‍ വൈദ്യർ, കെ. സി.
കാട്ടിപ്പറമ്പൻ മുഹമ്മ, കോടന്തുരുത്തു കെ.
ഈ. വേലു, എ. വി. കൃഷ്ണശാസ്ത്രി, വിദ്വാൻ കെ.
നീലകണ്ഠന്‍ കോടനാട്, തുടങ്ങി ഒരുപാട്
സമുദായ പ്രവര്‍ത്തകരെ രംഗത്തുകൊണ്ടു വന്നു. “സമസ്ത കേരള വേലന്‍ മഹാജന സഭ”യുടെ പ്രവർത്തനഭലമായി ൧൧൧൫ (1939) ൽ കൊച്ചി
രാജ്യത്ത് വേലൻ സമുദായത്തിന് സര്‍ക്കാർ സ്കൂളുകളിൽ സൌജന്യ വിദ്യാഭ്യാസം അനുവദിച്ചു.
രണ്ടാം ശ്രീമൂലം
അസംബ്ലിയിലേയ്ക്ക് (1937 – 1944) ശ്രീ. കവിയൂർ കെ. കെ. കൊച്ചുകുഞ്ഞ് നോമിനേറ്റ് ചെയ്യപ്പെട്ടു. ഈ കാലയളവിൽ അദ്ദേഹം ചരിത്ര
പ്രസിദ്ധമായ വര്‍ണ്ണവ ബില്ല് അവതരിപ്പിച്ചു. തിരുവിതാംകൂറിൽ മണ്ണാൻ, പതിയാന്‍, പെരുമണ്ണാൻ, വണ്ണാൻ, പരവന്‍, നേര്യന്‍, ഏറ്റാളി, വേലന്‍ എന്നീ സമുദായങ്ങൾ മേലിൽ വര്‍ണ്ണവൻ എന്ന
പൊതുനാമധേയത്തിൽ അറിയപ്പെടണം എന്ന്‍ നിഷ്കര്‍ഷിക്കുന്ന വര്‍ണ്ണവ ബിൽ പൊതുവെ ഈ
സമുദായങ്ങളിൽ നിന്ന് അമര്‍ഷവും എതിര്‍പ്പും ഉണ്ടാക്കി.“സന്മാര്‍ഗ്ഗ
പോഷിണി സമസ്ത കേരള വേലൻ മഹാസഭയും” “സമസ്ത കേരള വേലൻ മഹാജനസഭ”യും യോജിച്ച് വര്‍ണ്ണവ ബില്ലിനെതിരായ സമരത്തിൽ അണിചേര്‍ന്നു. പൂഞ്ഞാർ രാജാക്കന്മാരുടെ ശുപാര്‍ശയിൽ തലപ്പുലം ശ്രീ. ടി. കെ. ഗോവിന്ദനെ 1938 ൽ രണ്ടാം ശ്രീമൂലം അസ്സംബ്ലിയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും
അദ്ദേഹം ഉണ്ടാക്കിയ തടസവാദങ്ങൾ മൂലം വര്‍ണ്ണവബില്ല് തള്ളപ്പെടുകയും ചെയ്തു.
വര്‍ണ്ണവ ബില്ലിനെതിരെ സംഘടിതമായി പോരാടിയ “സന്മാര്‍ഗ്ഗ പോഷിണി സമസ്ത കേരള
വേലൻ മഹാസഭ (കോട്ടയം) യും” “സമസ്ത കേരള വേലൻ മഹാജനസഭ (ചേര്‍ത്തല) യും” യോജിച്ചു
പ്രവര്‍ത്തിക്കുവാൻ തീരുമാനിക്കുകയും മണ്ണാൻ, വണ്ണാന്‍, പെരുമണ്ണാന്‍, പതിയാന്‍
എന്നീ സമുദായങ്ങളെ കൂടി ഉള്‍കൊള്ളിച്ച് “അഖില തിരുവിതാംകൂർ പെരുമണ്ണാർ വേലവർ
മഹാസഭ” എന്ന പേരിൽ ൧൧൨൧ (1946) ല്‍ 74-)൦ നമ്പരായി ഒരു ജോയിന്‍റ് സ്റ്റോക്ക് കമ്പനി
ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തു. തലപ്പുലം
ശ്രീ. ടി. കെ. ഗോവിന്ദൻ പ്രസിഡന്ടായും, കല്ലുങ്കൽ ശ്രീ. കുട്ടപ്പൻ ജനറൽ
സെക്രട്ടറിയായും, കോടന്തുരുത്തു ശ്രീ. കെ. ഈ. വേലു ഖജാന്‍ജിയായും 22 പേർ അടങ്ങുന്ന
ഡയറക്ടർ ബോര്‍ഡിനെ തിരഞ്ഞെടുത്തു. ചേര്‍ത്തല
മുട്ടം ബസാറിൽ ഒരു വാടക കെട്ടിടത്തിൽ ആഫീസ് പ്രവര്‍ത്തനങ്ങൾ തുടങ്ങി.
1956ലെ
കേരള പിറവിക്കു ശേഷം അഖില തിരുവിതാംകൂർ പെരുവണ്ണാർ വേലവർ മഹാസഭ ‘കേരള പെരുവണ്ണാർ
വേലവർ മഹാസഭ (KPVMS) എന്ന
പേർ സ്വീകരിച്ചു. സജീവമായി സമുദായരംഗത്തു ണ്ടായിരുന്ന മിക്കവരും കാലയവനികയ്ക്കുള്ളിൽ
മറഞ്ഞതോടെ പ്രവര്‍ത്തന മാന്ദ്യം സംഘടനയെ തളര്‍ത്തി. തുടര്‍ന്ന്‍ 1976 വരെ
പ്രവർത്തിച്ചെങ്കിലും ഫലപ്രദമായ പ്രവർത്തനങ്ങൾ അസാദ്ധ്യമായ സാഹചര്യത്തിൽ ‘കേരള
വേലൻ മഹാസഭ, ചേർത്തല(1974)യിൽ ലയിച്ചു.1976
നവമ്പർ മാസം 28ന് ഏറ്റുമാനൂർ PT കോളേജിൽ വച്ചു കൂടിയ KPVMS
– KVMS സംയുക്ത യോഗം KPVMS നീരുപാധികം KVMSൽ ലയിക്കുവാൻ തീരുമാനിക്കുകയും ലയന പ്രമേയം ഐകകണ്ഠേന
പാസ്സാക്കുകയും ചെയ്തു.
KPVMS - KVMS സംയുക്ത സമ്മേളന നോട്ടീസ് .
KPVMS പ്രസിഡന്റ് ആയിരുന്ന തലപ്പുലം തലപ്പുലം ശ്രീ. ടി. കെ. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കോതനല്ലൂർ ശ്രീ. അയ്യപ്പൻ എന്നിവർ ഒപ്പിട്ട ലയന പ്രമേയത്തിന്റെ പകർപ്പ്.
അതിനെതുടര്‍ന്ന്‍
KVMS സംസ്ഥാന കമ്മിറ്റി ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങൾ
നടത്തുവാൻ ശ്രീ. പി. എസ്. വേലപ്പൻ കണ്‍വീനർ ആയി ഒരു പുനരുദ്ധാരണ കമ്മിറ്റി രൂപികരിച്ച് ക്ഷേത്രം ഇന്നു കാണുന്ന രൂപത്തിൽ നിര്മ്മിച്ചു. ഇപ്പോൾ KVMS മീനച്ചിൽ താലൂക്ക് യൂണിയൻ മറ്റു ശാഖകളുടെ
സഹായത്തോടെ തന്ത്രവിധി പ്രകാരമുള്ള പൂജകൾ മുടങ്ങാതെ നടത്തിപ്പോരുന്നു.
മകര ചിത്തിര മഹോത്സവം ചിത്രങ്ങളില്‍
മഹാസഭ പ്രവര്‍ത്തകര്‍ പൂജയ്ക്ക് ചീട്ടുനല്‍കുന്നു.
പ്രസാദഊട്ടിന്റെ ദൃശ്യം
ദേവസ്വം ഭാരവാഹികള്‍ സിനോബിയും സന്തോഷും.
പ്രസാദഊട്ടിനു ശേഷം മഹിളാ പ്രവര്‍ത്തകര്‍
മഹാസഭ ജന: സെക്രട്ടറി ശ്രീ. ഗോപാലന്‍ ക്ഷേത്ര ദര്‍ശനം ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ