ഏകോപന സമിതി (സ്വജന സമുദായ സഭ)
ഒരേ
ഗോത്രവംശത്തിന്‍റെ ഭാഗവും അലക്ക് മുഖ്യതൊഴിലും ആയ സമുദായങ്ങളെ ഒരു പേരിൽ, ഒരു
കുടകീഴിൽ കൊണ്ടുവരുവാൻ ആദ്യശ്രമം തുടങ്ങിവച്ചത് കവിയൂർ ശ്രീ. കെ. കെ. കൊച്ചുകുഞ്ഞ്
അവർകളായിരുന്നു. അദ്ദേഹവും ഇരിങ്ങോൾ വി. സി. വേലായുധന്‍ വൈദ്യർ, പി. അറുമുഖം, എം.
കെ. കുട്ടി മുട്ടാർ, സി. കെ. കിട്ടൻ എരുമേലി, എം. അച്യുതന്‍ എന്നിവരുടെ
നേതൃത്വത്തിൽ ൧൧൧൧ ഇടവമാസം ൬ (19 – 5 –
1936) ന് രൂപീകരിച്ച “സമസ്ത തിരുവിതാംകൂർ
വര്‍ണ്ണവ സമാജം” ഇക്കാര്യത്തിലുള്ള ആദ്യത്തെ കാൽവയ്പ്പായിരുന്നു. സരസകവി മൂലൂർ
എസ്. പത്മനാഭ പണിക്കർ അലക്കുതൊഴിൽ ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് പൊതുനാമമായി
സരസമായി നിര്‍ദ്ദേശിച്ചതാണ് ‘വര്‍ണ്ണവൻ’ എന്ന നാമധേയം. അതുകൊണ്ടായിരിക്കണം
ബഹുഭൂരിപക്ഷം സമുദായങ്ങള്‍ക്കും അത് അംഗീകരിക്കുവാന്‍ കഴിയാതെ പോയത്. “സമസ്ത
തിരുവിതാംകൂർ വര്‍ണ്ണവ സമാജം” കോട്ടയം മേഖലയിലും, ആലപ്പുഴ-കുട്ടനാട് മേഖലയിലും
നല്ല സ്വാധീനം ഉണ്ടാക്കി. സമാജത്തിന്‍റെ നിര്‍ദ്ദേശാനുസാരം ഒരുപാടു കുട്ടികളെ വര്‍ണ്ണവൻ
എന്ന പുതിയ ജാതിയിൽ സ്കൂൾ റിക്കാർഡുകളിൽ ചേര്‍ത്തു. തുടര്‍ന്ന്‍ വര്‍ണ്ണവ ജാതി സര്‍ക്കാരിനെ
കൊണ്ട് അംഗീകരിപ്പിച്ചു. 1940 ലെ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിലും 1941, 1951
എന്നീ വര്‍ഷങ്ങളിൽ നടന്ന സെന്‍സസുകളിലും വര്‍ണ്ണവൻ എന്ന പുതിയ ജാതി ഉള്‍പ്പെടുത്തി.
വര്‍ണ്ണവ സമൂഹത്തെ പ്രതിനിധീകരിച്ച് കവിയൂർ ശ്രീ. കെ. കെ. കൊച്ചുകുഞ്ഞ് രണ്ടാം
ശ്രീമൂലം അസംബ്ലിയിലേയ്ക്ക് (1937 – 1944) നോമിനേറ്റ്
ചെയ്യപ്പെട്ടു. ഈ കാലയളവിൽ അദ്ദേഹം ചരിത്ര പ്രസിദ്ധമായ വര്‍ണ്ണവ ബില്ല് അവതരിപ്പിച്ചു. തിരുവിതാംകൂറിൽ മണ്ണാൻ, പതിയാന്‍,
പെരുമണ്ണാൻ, വണ്ണാൻ, പരവന്‍, നേര്യന്‍, ഏറ്റാളി,
വേലന്‍ എന്നീ സമുദായങ്ങൾ മേലിൽ വര്‍ണ്ണവൻ എന്ന
പൊതുനാമധേയത്തിൽ അറിയപ്പെടണം എന്ന്‍ നിഷ്കര്‍ഷിക്കുന്ന വര്‍ണ്ണവ ബിൽ
പൊതുവെ ഈ സമുദായങ്ങളിൽ നിന്ന് അമര്‍ഷവും എതിര്‍പ്പും ഉണ്ടാക്കി.
“സന്മാര്‍ഗ്ഗ
പോഷിണി സമസ്ത കേരള വേലൻ മഹാസഭയും” “സമസ്ത കേരള വേലൻ മഹാജനസഭ”യും യോജിച്ച് വര്‍ണ്ണവ
ബില്ലിനെതിരായ സമരത്തിൽ അണിചേര്‍ന്നു. പൂഞ്ഞാർ രാജാക്കന്മാരുടെ ശുപാര്‍ശയിൽ
തലപ്പുലം ശ്രീ. ടി. കെ. ഗോവിന്ദനെ 1939ൽ രണ്ടാം ശ്രീമൂലം അസ്സംബ്ലിയിലേയ്ക്ക്
നോമിനേറ്റ് ചെയ്യപ്പെടുകയും അദ്ദേഹം ഉണ്ടാക്കിയ തടസവാദങ്ങൾ മൂലം വര്‍ണ്ണവബില്ല്
തള്ളപ്പെടുകയും ചെയ്തു. വര്‍ണ്ണവ ബില്ല് പരാജയപ്പെട്ടെങ്കിലും വര്‍ണ്ണവരുടെയും
അതിൽ ഉള്‍പ്പെടുത്തുവാൻ നിര്‍ദ്ദേശിക്കപ്പെട്ട സമുദായങ്ങളുടെയും സാമൂഹ്യ,
സാമ്പത്തിക, വിദ്യാഭ്യാസപരമായ അവസ്ഥയെക്കുറിച്ച് പഠിക്കുവാൻ അവശസമുദായ കമ്മീഷണറെ
ചുമതലപ്പെടുത്തി ഉത്തരവുണ്ടായി. അതിന്‍പ്രകാരം ൧൧൧൬ ചിങ്ങമാസ(1940 ആഗസ്റ്റ്)ത്തിൽ
അവശസമുദായ കമ്മീഷണർ ബോട്ടുമാര്‍ഗം ചങ്ങനാശ്ശേരി സന്ദര്‍ശിച്ചു. ബോട്ട് ജട്ടി മുതൽ
അദ്ദേഹത്തെ താലപ്പൊലിയോടെ സ്വീകരിക്കുവാൻ
വര്‍ണ്ണവസമാജവും മറ്റ് സമുദായ സഭക്കാരും ഉണ്ടായിരുന്നു. വലത്തുവശത്തു വര്‍ണ്ണവ
സമാജത്തിലെ താലപ്പൊലി എടുത്ത സ്ത്രീകൾ ചട്ടയും കസവുമുണ്ടും കസവുനേര്യതും (ഇരവു
വാങ്ങിയതോ, അലക്കുവാന്‍ കിട്ടിയതോ ആയ)
ധരിച്ച് വളരെ കുലീനമായ രീതിയിലും, ഇടതുവശത്ത് വേലൻ, മണ്ണാൻ, പതിയാൻ,
വണ്ണാന്‍ സമുദായാംഗങ്ങളായ സ്ത്രീകൾ
സെക്രട്ടറി വയല ടി. എസ്. കൊച്ചുപിള്ളയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഒറ്റ
മുണ്ടുടുത്തും ചുട്ടിതോർത്തുകൊണ്ട് മാറ് മറച്ചും കൊണ്ടാണ്
താലപ്പൊലിയേന്തിയത്. ഇതു പ്രത്യേകം
ശ്രദ്ധിച്ച അവശസമുദായ കമ്മീഷണരുടെ റിപ്പോര്‍ട്ട് പ്രകാരം ൧൧൧൬ കുംഭമാസം ൭ (18-2-1941) ന് തിരുവിതാംകൂറിൽ വേലൻ മണ്ണാൻ പതിയാൻ വണ്ണാൻ സമുദായങ്ങളെ അവശസമുദായ
പട്ടികയിൽ പെടുത്തി വിദ്യാഭ്യാസാനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വര്‍ണ്ണവരെയാകട്ടെ
മറ്റു പിന്നോക്ക സമുദായത്തിൽ പെടുത്തിയും ഗവണ്മേന്റ് ഉത്തരവുണ്ടായി.
വര്‍ണ്ണവ ബില്ലിനെതിരെ സംഘടിതമായി പോരാടിയ “സന്മാര്‍ഗ്ഗ പോഷിണി സമസ്ത കേരള
വേലൻ മഹാസഭ (കോട്ടയം) യും” “സമസ്ത കേരള വേലൻ മഹാജനസഭ (ചേര്‍ത്തല) യും” മറ്റു
സമുദായ നേതാക്കളും യോജിച്ചു പ്രവര്‍ത്തിക്കുവാൻ തീരുമാനിക്കുകയും മണ്ണാൻ, വണ്ണാന്‍,
പെരുമണ്ണാന്‍, പതിയാന്‍ എന്നീ സമുദായങ്ങളെ കൂടി ഉള്‍കൊള്ളിച്ച് “അഖില തിരുവിതാംകൂർ
പെരുമണ്ണാർ വേലവർ മഹാസഭ” എന്ന പേരിൽ ൧൧൨൧ (1946)ൽ 74-)o നമ്പരായി ഒരു ജോയിന്‍റ്
സ്റ്റോക്ക് കമ്പനി ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തു.
ചേര്‍ത്തലയിൽ കൂടിയ മഹാസമ്മേളനത്തിൽ വച്ച്
തലപ്പുലം ശ്രീ. ടി. കെ. ഗോവിന്ദൻ പ്രസിഡന്ടായും, കല്ലുങ്കൽ ശ്രീ. കുട്ടപ്പൻ
ജനറൽ സെക്രട്ടറിയായും, കോടന്തുരുത്തു ശ്രീ. കെ. ഈ. വേലു ഖജാന്‍ജിയായും 22 പേർ
അടങ്ങുന്ന ഡയറക്ടർ ബോര്‍ഡിനെ തിരഞ്ഞെടുത്തു. ചേര്‍ത്തല മുട്ടം ബസാറിൽ ഒരു വാടക
കെട്ടിടത്തിൽ ആഫീസ് പ്രവര്‍ത്തനങ്ങൾ തുടങ്ങി.
1949 ജൂലൈ 1 തിരുവിതാംകൂർ - കൊച്ചി സംയോജനം.
തിരു-കൊച്ചി
സംസ്ഥാനത്ത് ശ്രീ പറവൂർ T. K. നാരായണപിള്ള മന്ത്രിസഭ നിലവിൽ വന്നു. 1950ൽ
തിരു-കൊച്ചിയിലെ അവശവിഭാഗ ലിസ്റ്റ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ വേലനു പകരം
വേളാനെയാണ് ഉൾപ്പെടുത്തിയത്. രണ്ടു കൂട്ടര്‍ക്കും ഇംഗ്ലീഷിൽ ഒരേ സ്പെല്ലിംഗ്
ആണല്ലോ. ൧൧൨൫ മേട മാസം ൧൮ -)0 തീയതി (30-4-1950) ചേര്‍ത്തലയിൽ
നടന്ന ഐതിഹാസിക മഹാസമ്മേളനത്തിൽ വച്ച് വേലനെ വേളാനാക്കി മാറ്റിയ നോട്ടിഫിക്കേഷൻ
ഉള്ള ഗസറ്റ് അഖില തിരുവിതാംകൂർ പെരുവണ്ണാർ വേലവർ മഹാസഭ ഖജാന്‍ജി ആയിരുന്ന ശ്രീ.
കോടന്തുരുത്തു കെ. ഈ. വേലുവാണ് മന്ത്രിയെ ബോദ്ധ്യപ്പെടുത്തിയത്.
തെറ്റുപറ്റിയതാണെന്നും
തിരുത്തികൊള്ളാമെന്നും മന്ത്രി വാക്കുതരുകയും തുടര്‍ന്ന്‍ അടുത്ത ഗസറ്റിൽ
(8-5-1950) വേലൻ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍പ്പെടുത്തി എല്ലാ സൌജന്യങ്ങളും
അനുവദിച്ചു നോട്ടിഫിക്കേഷന്‍ വന്നു. അഖില തിരുവിതാംകൂർ പെരുവണ്ണാർ വേലവർ മഹാസഭയുടെ
ഏറ്റവും മഹത്തരമായ നേട്ടമായി ഈ സംഭവത്തെ പ്രകീര്‍ത്തിക്കുന്നു. കേരള സംസ്ഥാനം രൂപം
കൊണ്ടതിനു ശേഷം അഖില തിരുവിതാംകൂർ പെരുവണ്ണാർ വേലവർ മഹാസഭ ‘കേരള പെരുവണ്ണാർ വേലവർ
മഹാസഭ’ എന്ന പേര്‍ സ്വീകരിച്ചു. എന്നാൽ സജീവമായി സമുദായരംഗത്തുണ്ടായിരുന്ന
മിക്കവരും കാലയവനികയ്കുള്ളിൽ മറഞ്ഞതോടെ പ്രവര്‍ത്തന മാന്ദ്യം സംഘടനയെ തളര്‍ത്തി. തുടര്‍ന്ന്‍
1976 വരെ പ്രവർത്തിച്ചെങ്കിലും ഫലപ്രദമായ പ്രവർത്തനങ്ങൾ അസാദ്ധ്യമായ
സാഹചര്യത്തിൽ ‘കേരള വേലൻ മഹാസഭ, ചേർത്തല(1974)’യിൽ
ലയിച്ചു.
സർവശ്രീ.
കുഞ്ഞൻ ശാസ്ത്രികൾ, കാലടി വി. വി.
കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പെരുവണ്ണാർ വേലവാദിസാമുദായിക സംയുക്ത ഫെഡറേഷനും
(1961) ശ്രീ. ചെങ്ങമനാട്ട് രാമൻ, ഡോ. വേലായുധൻ എളമന എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച
(1964) കേരള പട്ടികജാതി ന്യൂനപക്ഷകർമ്മക്ഷേമസഭയും ശ്രീ. പി. എസ്. വേലപ്പൻ, കാലടി
വി.വി.കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിൽ (7-1-1971) രൂപീകരിച്ച കെ. വി. പി. എം. എസ്. (ടി ജാതികളുടെ ആദ്യാക്ഷരങ്ങൾ ചേർത്തത്) സഭയും
ക്ഷീണിച്ചു തളരുകയെന്ന വൈപരീധ്യം സംഭവിച്ചു.
ഇതിനിടയിൽ ഡോ. എം. എ. കുട്ടപ്പൻ (മുൻ മന്ത്രി)അവർകൾ മുൻകൈയ്യെടുത്ത് തൊഴിൽ, ആചാരം, ദായക്രമം, വേഴ്ച്ച, ബന്ധുത്വം
എന്നിവയാൽ സമാന സ്വഭാവമുള്ള ജാതി വിഭാഗങ്ങളായ വേലൻ, പെരുവണ്ണാൻ, പെരുമണ്ണാൻ, മണ്ണാൻ, വണ്ണാൻ, പതിയാൻ, പരവൻ, ഭരതർ, തണ്ടാൻ എന്നീ
സമുദായങ്ങളുടെയും വേട്ടുവനെയും കൂട്ടിച്ചേര്‍ത്ത് ഒറ്റ സംഘടന “വി. പി. എം. എസ്സ്” 2012 ജനുവരി 6ന് രൂപീകരിച്ച്
പരീക്ഷിച്ചുനോക്കിയെങ്കിലും ആയതും അൽപ്പായുസ്സായി പോയി.
1976 ജനുവരി മാസം 21, 22, 23 തീയതികളിൽ
തലപ്പുലത്തു വച്ചു കൂടിയ സമ്മേളനവും ‘സാമുദായിക ഏകീകരണവും“ നമ്മുടെ എല്ലാ
സമുദായ സംഘടനകളുടേയും നേതാക്കളുടെ സാഹ്നിദ്ധ്യം കൊണ്ട് സമ്പന്നമായിരുന്നു. എല്ലാ
വിഭാഗങ്ങളിലുംപെട്ട പ്രാമാണികരായ നേതാക്കൾ ആദ്യന്തം ഉണർവോടും ഉന്മേഷത്തോടും
പങ്കെടുത്ത ചർച്ചയിൽ എല്ലാ വിഭാഗങ്ങളേയും ഏകീകരിച്ച് ഒറ്റസംഘടനയാക്കുവാനുള്ള
സാധ്യതകൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തതിൽ തന്റെ ജാതിപ്പേർ നിലനിർത്തണമെന്നും
ആ പേരിൽ ഇതര വിഭാഗങ്ങൾ ലയിച്ചുചേരണമെന്നുള്ള താൽപ്പര്യവും ദുരഭിമാനവും
ഹൃദയാന്തർഭാഗത്ത് രൂഢമൂലമായി നിലനിൽക്കുകയും ആയതു പ്രകാശിപ്പിക്കുവാൻ കഴിയാതെ
പൊള്ളയായി സമുദായങ്ങളുടെ ഏകീകരണമെന്ന മന്ത്രജപവുമാണ് സ്ഥായിയായ തടസ്സമെന്ന്
വിലയിരുത്തി. ഈ പരിതസ്ഥിതിയിൽ ഓരോ
ജാതിവിഭാഗങ്ങളും അവരുടെ സംഘടനകൾ ശക്തിപ്പെടുത്തുകയും പൊതുതാൽപ്പര്യമുള്ള
പ്രശ്നങ്ങൾ ഈ സംഘടനകളുടെ വ്യക്തമായ പ്രാതിനിധ്യമുള്ള നേതൃസമിതി കൈകാര്യം
ചെയ്യണമെന്നും ഐതിഹാസികമായ തലപ്പുലം സമ്മേളനം തീരുമാനമെടുത്തു. അതിൻപ്രകാരം രൂപം
കൊണ്ട പ്രസ്ഥാനമാണ് ഏകോപനസമിതി. യശ്ശശരീരനായ
ഡോ. കെ. വേലായുധൻ എളമന ആദ്യ കൺവീനറായിരുന്നു. തുടർന്ന് യശ്ശശരീരനായ പി. എസ്.
വേലപ്പനും, യശ്ശശരീരനായ ബി. ആര്‍. കേശവനും തുടർന്ന് ശ്രീ. എ. കെ . കുമാരനും ഇപ്പൊൾ
ശ്രീ. ടി. എ. രാധാകൃഷ്ണനും ഏകോപന സമിതിയ്ക്ക് നേതൃത്വം കൊടുക്കുന്നു.
പരിപാടി
1. ഏകീകൃത സംഘടനയ്ക്ക് വേണ്ടി
നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും പരീക്ഷണങ്ങളും വ്യര്‍ത്ഥമായിരുന്നു എന്ന്
വിലയിരുത്തേണ്ടതില്ല. സമുദായങ്ങളുടെ ഒത്തൊരുമയ്ക്കും എകൊപനത്തിനും വേണ്ടി അവര്‍
നടത്തിയ പ്രവര്‍ത്തനങ്ങൾ നാം വിലമതിക്കേണ്ടതും ആദരപൂര്‍വ്വം സ്മരിക്കേണ്ടതുമാണ്.
അവര്‍ വെട്ടിത്തുറന്ന പാതയിലൂടെയാണ് നമുക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടത്.
2.
മറ്റെല്ലാ സമുദായങ്ങളും
കാലോചിതമായ പരിഷ്കാരങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിതീര്‍ന്നു.
ഒട്ടനവധി ജാതികളും ഉപജാതികളുമായി ഭിന്നിച്ചുനിന്നിരുന്ന ഒട്ടുമിക്ക
സാമൂഹ്യവിഭാഗങ്ങളും ജാതി-ഉപജാതികളിൽ നിന്ന്‍ സമുദായത്തിലേയ്ക്ക് മാറിയിട്ടുണ്ട്.
ബോധപൂര്‍വമായ പരിഷ്കരണ പ്രകൃയയിലൂടെയല്ലെങ്കിലും നമ്മുടെ വളരെയധികം കുടുംബങ്ങളിൽ വൈവാഹിക
ബന്ധങ്ങളിലൂടെ ഉപജാതി സമ്പ്രദായത്തിന്റെ അതിര്‍വരമ്പുകൾ പൊട്ടിച്ച്
രക്തബന്ധാതിഷ്ടിതമായ സാമുദായിക ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
3.
ഈ സാഹചര്യത്തിൽ വേലനും,
മണ്ണാനും, പെരുമണ്ണാനും, വണ്ണാനും, പതിയാനും, പരവനും, തണ്ടാനുമായി
വിഭജിക്കപ്പെട്ടിട്ടുള്ള നാം ഉപജാതി ബോധത്തിന് അതീതമായി ഒരു ഒറ്റ സമുദായമായി
തീരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. സ്വജന സമുദായ സഭ വര്‍ണ്ണവരെപ്പോലെ
പുതിയൊരു ജാതിയെകൂടി സൃഷ്‌ടിക്കുന്ന പ്രക്രിയയല്ല മറിച്ച് സമുദായ
ശാക്തീകരണത്തിലേയ്ക്കുള്ള മഹത്തായ കാൽവയ്പ്പാണ്.
4.
സ്വജന സമുദായസഭ നിലവിൽ
വരുമ്പോൾ ഏകോപനസമിതിയിൽ അംഗങ്ങളായിട്ടുള്ള സംഘടനകൾ നിർവീര്യമായിതീരുമെന്നോ ടി
സംഘടനകളുടെ സ്വത്തും ആസ്തിയും സ്വജനസഭ കൈയ്യടക്കുമെന്നോ ആശങ്കപ്പെടെണ്ട
കാര്യമില്ല. താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളിലെ ഓരോ അംഗങ്ങളേയും സ്വജന സമുദായ
സഭയുടെ വക്താക്കളായും പ്രയോക്താക്കളായും മാറ്റിതീര്‍ക്കുക, സംസ്ഥാന വ്യാപകമായി സഭ
കേട്ടിപ്പെടുക്കുന്നതിനു നേതൃത്വം നല്‍കുക, ഏക സമുദായ സഭ
കേട്ടിപ്പെടുക്കുന്നതിനാവശ്യമായ തത്വശാത്ര പരവും ദാര്‍ശനീകവുമായ കാഴ്ച്ചപ്പാടുകളും
പരിപാടികളും ആവിഷ്കരിക്കുക എന്നിവ ഓരോ ഘടക സംഘടനകളുടെയും ചുമതലയാണ്. ഘടക
സംഘടനകളുടെ സ്വത്തും ആസ്തികളും സ്ഥാപനങ്ങളും അവരുടേതുമാത്രമായി നിലനിര്‍ത്തുവാനും
സ്വമേധയാ വികസിപ്പിക്കുവാനും ഉള്ള പൂര്‍ണ്ണമായ അവകാശാധികാരങ്ങൾ അവര്‍ക്ക് നല്‍കി ക്കൊണ്ടുള്ള
കാഴ്ചപ്പാടാണ് സ്വജന സമുദായ സഭയ്ക്കുള്ളത്.
5.
സ്വജന സമുദായസഭ
സമുദായത്തിന്‍റെ സംഘടിതശക്തി പ്രകടിപ്പിക്കുന്ന മഹാപ്രസ്ഥാന മായിരിക്കും.
ജാതിപരമോ, സംഘടനാപരമോ ആയ വേര്‍തിരിവും വിഭജനവും ഇല്ലാത്ത സമത്വത്തിന്‍റെയും
സാഹോദര്യത്തിന്‍റെയും അടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന സമുദായപ്രസ്ഥാനമായിരിക്കും
സ്വജന സമുദായ സഭ. സാമുദായിക അവകാശങ്ങള്‍ നേടിയെടുക്കുവാനും സംരക്ഷിക്കുവാനുമുള്ള
ഉത്തരവാദിത്വം സ്വജനസമുദായ സഭയ്ക്കുണ്ടായിരിക്കും. ആയതുകൊണ്ട് അചഞ്ചലമായ സാമുദായിക
ശക്തി വിളിച്ചോതുന്ന ഈ പ്രസ്ഥാനത്തിൽ ജാതി-ഉപജാതി വ്യത്യാസമില്ലാതെ നിലവിലുള്ള
എല്ലാ സംഘടനകളും വ്യക്തികളും അംഗങ്ങളായി ചേര്‍ന്നുകൊണ്ടുള്ള ഒരു
മഹാപ്രസ്ഥാനമായിരിക്കും നാം വിഭാവനം ചെയ്യുന്ന സ്വജനസമുദായസഭ.
6. വേലൻ, പെരുമണ്ണാൻ, മണ്ണാൻ, വണ്ണാൻ, പതിയാൻ, പരവൻ, ഭരതർ, തണ്ടാൻ എന്നീ
നമ്മുടെ നാമങ്ങള്‍ കേരളത്തിൽ നിലവിലുള്ള പട്ടിക ജാതി ലിസ്റ്റിൽ ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ പഴയ മലബാർ പ്രദേശത്ത് പെരുവണ്ണാൻ, തിരുവിതാംകൂർ പ്രദേശത്ത് ചാക്കമർ, വര്‍ണ്ണവർ, തച്ചർ (ആശാരി അല്ലാത്ത)എന്നീ
പേരുകളില്‍ അറിയപ്പെടുന്ന നമ്മുടെ സ്വന്തം സഹോദരീ സഹോദരന്മാര്‍ മറ്റു പിന്നോക്ക
സമുദായ ലിസ്റ്റിലാന്നുള്‍പ്പെടുന്നത്. ഒരേ മാതപിതാക്കളുടെ മക്കളിൽ ചിലർ വേലനും
മറ്റു ചിലർ മണ്ണാനും ചിലർ പെരുവണ്ണാനും മറ്റു ചിലര്‍ ചാക്കമരും ആകുക എന്ന ദുര്യോഗം
കഴിഞ്ഞ മൂന്നു ദാശകങ്ങളായി സ്കൂൾ സര്‍ട്ടിഫിക്കറ്റുകളിൽ സംസ്ഥാനത്തിന്‍റെ വിവിധ
ഭാഗങ്ങളിൽ സംഭവിച്ചിട്ടുള്ളതാണ്. ആയതുകൊണ്ട് പെരുവണ്ണാൻ, ചാക്കമർ, വര്‍ണ്ണവര്‍, തച്ചര്‍ (ആശാരി അല്ലാത്ത) എന്നീ
സമുദായങ്ങളെക്കൂടി പട്ടികജാതി ലിസ്റ്റിൽ ഉള്‍പ്പെടുത്തി കിട്ടുന്നതിന് കൂട്ടായി
ശബ്ദമുയര്‍ത്തിയേ മതിയാകൂ.
ഏകോപന സമിതി സമ്പൂര്‍ണ നേതൃത്വ സമ്മേളനം
24-6-2012 എറണാകുളം
കേരളത്തിലെ വേലന്‍, മണ്ണാന്‍, പെരുമണ്ണാന്‍, വണ്ണാന്‍, പരവന്‍, പതിയാന്‍, തണ്ടാന്‍, ഭരതര്‍ എന്നീസമാന ജാതി വിഭാഗങ്ങളെ ഏക സംഘടനയുടെ കീഴില്‍ അണിനിരത്തുവാന്‍ 24-6-2012 ഞായറാഴ്ച്ച എറണാകുളം മാസ് ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ വച്ചുകൂടിയ ഏകോപന സമിതിയുടെ ഐതിഹാസിക സമ്പൂര്‍ണ നേതൃത്വ സമ്മേളനം തീരുമാനിച്ചു . ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലെക്കായി ഏകോപനസമിതി ചെയര്‍മാന്‍ ശ്രീ. T. A. രാധാകൃഷ്ണനെയും ജനറല്‍ കണ്‍വീനര്‍ ശ്രീ. P.N. സുകുമാരനെയും യോഗം ചുമതലപ്പെടുത്തി . താഴെ പറയുന്ന സംഘടനകള്‍ അഭിപ്രായം രേഖപ്പെടുത്തി.
1. കേരള വേലന്‍ മഹാസഭ (ശ്രീ.കെ. ഗോപാലന്‍, ശ്രീ.കെ. ശങ്കരന്‍)
2. വണ്ണാന്‍ - മണ്ണാന്‍ സമുദായ സംഘം (ശ്രീ. എന്‍. വേണുഗോപാല്‍ )
3. കേരള പെരുമണ്ണാന്‍ വേലന്‍ മഹാസഭ (ശ്രീ. കെ. അശോകന്‍)
4. കേരള വേലന്‍ - പെരുമണ്ണാന്‍ സമുദായോധാരണ സംഘം (Adv. K. K. ഗോപാലകൃഷ്ണന്‍ )
5. ഭാരതീയ വേലന്‍ സൊസൈറ്റി (ശ്രീ. കെ. വി. ശ്രീകുമാര്‍ )
6. അഖില കേരള വേലന്‍ മഹാസഭ (ശ്രീ. എം. കെ. സുഗുണന്‍ )
7. കേരള പരവര്‍ സര്‍വീസ് സൊസൈറ്റി (ശ്രീ. സി. രാജേന്ദ്രന്‍ )
8. ആള്‍ കേരള വര്‍ണ്ണവ സൊസൈറ്റി (ശ്രീ. ശ്രീനിവാസ ബാബു)
9. കേരള വേലന്‍ മഹാജനസഭ (ശ്രീ. ഡി. എസ് . പ്രസാദ് )
10. കേരള വേലന്‍ സര്‍വീസ് സൊസൈറ്റി (എന്‍. പ്രഭാകരന്‍)
ഏകോപനസമിതി ചെയര്‍മാന്‍ ശ്രീ. T. A. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ശ്രീ. P.N. സുകുമാരന്‍ സ്വാഗതവും കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് Dr. എന്‍.വി. ശശിധരന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
സമ്മേളനം ചിത്രങ്ങളില്‍
ഏകോപന സമിതി യോഗം 14-7-2012, ഇരിങ്ങാലകുട
2012
ജൂലൈ 14 ന് ഇരിങ്ങാലക്കുട PWD റസ്റ്റ് ഹൌസില്‍ സമ്മേളിച്ച ഏകോപന സമിതി
എക്സിക്യുട്ടിവ് കമ്മിറ്റി ഒരു ഭരണ ഘടന നിര്‍മ്മാണസഭയ്ക്കും ഒരു
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയ്ക്കും രൂപം കൊടുത്തു. ഭരണ
ഘടന നിര്‍മ്മാണസഭ അദ്ധ്യക്ഷനായി ശ്രീ. എന്‍. അശോകന്‍ നിലമ്പൂര്‍ ,
ഉപാദ്ധ്യക്ഷനായി ശ്രീ. സുഗുണന്‍ (കൊച്ചി), സെക്രട്ടറിയായി ശ്രീ. എ. കെ.
രാജന്‍ (കുന്നത്തുനാട്) എന്നിവര്‍ അടങ്ങുന്ന 30 അംഗ കമ്മിറ്റിയേയും, Dr. N.
V. ശശിധരന്‍ (കോട്ടയം) ചെയര്‍മാന്‍ ആയി 7 അംഗ ഡ്രാഫ്റ്റിംഗ്
കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു. സംഘടന രൂപീകരണ പ്രഖ്യാപന സമ്മേളനം
സംസ്ഥാനാടിസ്ഥാനത്തില്‍ ഒക്ടോബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്നതിനും യോഗം
തീരുമാനിച്ചു.
N.അശോകന്‍ (നിലമ്പൂര്‍ ) യോഗത്തെ അഭിസംബോധന ചെയ്യുന്നു. ശ്രീ. A.K. രാജന്‍ , ശ്രീ. T.A. രാധാകൃഷ്ണന്‍ എന്നിവര്‍ വേദിയില്‍
ശ്രീ. A.K. രാജന്‍ , ശ്രീ. T.A. രാധാകൃഷ്ണന്‍ , ശ്രീ. P.N.സുകുമാരന്‍ എന്നിവര്‍ വേദിയില്‍
ശ്രീ.
കെ. ഗോപാലന്‍, ഡോ. എന്‍.വി. ശശിധരന്‍, ശ്രീ. എം.വി.കുഞ്ഞ് , ശ്രീ. കെ.
അശോക് , ശ്രീ. ലൈജൂ പി. ഗോപാല്‍ , ശ്രീ. സി.കെ. സദാശിവന്‍ , ശ്രീ.
സുഗുണപ്രസാദ് , ശ്രീ. പി. വി. തങ്കപ്പന്‍ , ശ്രീ. സുഗുണന്‍ എന്നിവര്‍
ചര്‍ച്ചയില്‍ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ